പ്രവാസികളെ പ്രചോദിപ്പിച്ച് സുമ്പുല സ്ക്രിപ്റ്റുകൾ; നാഷണൽ ടാലന്റ് റെകോർഡ് ബുക്കിന്റെ സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു

0
538

കോഴിക്കോട്: പ്രവാസിബോധവൽകരണത്തിന്റെ ഭാഗമായി ഒരു വർഷം തുടരെ എഴുതിയ സുമ്പുല സ്ക്രിപ്റ്റുകൾക്ക് സിഎം മുഹമ്മദ് ഫാറൂഖ് ഫൈസി മണ്ണാർക്കാടിന് ലഭിച്ച നാഷണൽ ടാലന്റ് റെകോർഡ് ബുക്കിന്റെ സർട്ടിഫിക്കറ്റും മെഡലും കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന ഫ്യൂച്ചർ ഫെസ്റ്റ് 25 ൽ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗിന്നസ് സത്താർ സമ്മാനിച്ചു.

പ്രവാസികളുടെ പുരോഗതിക്കാവശ്യമായ സാമ്പത്തിക അച്ചടക്കമായിരുന്നു സുമ്പുലയുടെ പ്രമേയം. കുടുംബം, കൂട്ടുകാർ, നാട്ടുകാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിവരോടുള്ള സമീപനങ്ങൾ അതിനാവശ്യമായ ലീഡർഷിപ്പ് ക്വോളിറ്റികൾ, നീക്കിയിരിപ്പ്, നിക്ഷേപം വ്യാജ സംരഭങ്ങളെകുറിച്ചുള്ള ജാഗ്രത തുടങ്ങി പ്രവാസം നേരത്തെ അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു സുമ്പുല സ്ക്രിപ്റ്റുകൾ.

പ്രവാസി സംഘടനകൾ പ്രവാസികൾക്കിടയിൽ തന്നെയാണ് കൂടുതൽ പ്രവർത്തിക്കേണ്ടതെന്ന ആശയം കൂടി സുമ്പുലക്കുണ്ടായിരുന്നു. 100 വരെയുള്ള സുമ്പുല സ്ക്രിപ്റ്റുകളിൽ കടത്തിൽ നിന്ന് കരകയറാനുള്ള എട്ട് ടിപ്പുകൾ, സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സൂത്രങ്ങൾ എന്നിവ ഉൾപ്പെടെ പ്രവാസത്തിൻ്റെ ലക്ഷ്യവും അതിലെത്തിച്ചേരാനുള്ള മാർഗവും ഉൾപ്പെടുത്തിയുള്ള അവബോധമാണ് നൽകിയിരുന്നത്. പ്രവാസികൾക്ക് ഏറെ പേരും പരാചിതരാകുന്ന അമിത ചിലവിനെ തടയിട്ട് വരവിനനുസരിച്ച് ചെലവുകളെ നിയന്ത്രിച്ച് കടങ്ങളില്‍നിന്ന് എങ്ങനെ വിട്ടു നില്‍ക്കാം എന്ന കാര്യങ്ങളും പ്രവാസികളെ ഫൈസി സുമ്പുലയിലൂടെ ഉണര്‍ത്തിയിരുന്നു.

കൂടാതെ, മാതാപിതാക്കൾ, ഭാര്യ, മക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവരുമായുള്ള ബന്ധങ്ങൾ സുദൃഢമാക്കേണ്ടതിൻ്റെ അനിവാര്യതയും അതിനുള്ള വഴികളും, ടൈം മാനേജ്മെൻ്റ്,  ജോലിയിൽ സംതൃപ്തിനേടൽ, ബോസിനേയും സഹപ്രവർത്തകരേയും കയ്യിലെടുക്കൽ, പ്രമോഷൻ നേടൽ  എന്നിവയും സുമ്പുലയിൽ വിഷയമായിരുന്നു.

സഊദിയില്‍ അറാറിനു സമീപം റഫ്ഹയിലെ ബഖാല ജീവനക്കാനാണിദ്ദേഹം. ഇതിനായി ഇതുമായി ബന്ധപ്പെട്ട വിവിധ ഹൃസ്വകാല കോഴ്‌സുകളും പൂര്‍ത്തിയാക്കിയിരുന്നു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി മീഡിയ വിംഗ് അംഗം കൂടിയാണ് മണ്ണാർക്കാട് മുണ്ടെക്കാരാട് സ്വദേശിയായ മുഹമ്മദ്‌ ഫാറൂഖ് ഫൈസി.