റിയാദ്: പുതുക്കിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഊദി ജവാസാത്ത് ഡയറക്ടറേറ്റില്‍ ഓണ്‍ലൈന്‍ ആയി സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ വിദേശികള്‍ക്ക് സൗകര്യമൊരുക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ നിലവില്‍വന്നു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കേണ്ടതില്ല.
സേവനം പ്രയോജനപ്പെടുത്താന്‍ വിദേശിയുടെ പ്രായം 18 കവിയണമെന്നും സര്‍വീസ് ചാര്‍ജ് ആയി മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 69 റിയാല്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, ജവാസാത്ത്, ഹവിയ്യതു മുഖീം സേവനങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
കുടുംബാംഗങ്ങള്‍ വിദേശത്താണെങ്കില്‍ പോലും സഊദി അറേബ്യയിലുള്ള പ്രവാസികള്‍ക്ക് അവിടെയിരുന്ന് ഇഖാമ പുതുക്കാവുന്ന വിധത്തിലാണ് നിയമപരിഷ്‌കാരം. കുടുംബനാഥന്‍ രാജ്യത്ത് തന്നെ തുടരുകയാണെങ്കില്‍ ആശ്രിതരില്‍ ഒരാള്‍ അല്ലെങ്കില്‍ പങ്കാളികളോ നിലവില്‍ രാജ്യത്തിന് പുറത്താണെങ്കില്‍ പോലും താമസക്കാര്‍ക്ക് അവരുടെ ‘ഇഖാമ’ (റെസിഡന്‍സി പെര്‍മിറ്റ്) പുതുക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ പുതിയ നയം പ്രഖ്യാപിച്ചതായി സഊദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (Saudi Arabia’s General Directorate of Passports) അറിയിച്ചു. കുടുംബാംഗങ്ങളില്‍ ഒരാള്‍ വിദേശത്തായതിനാല്‍ ഇഖാമ അപ്‌ഡേറ്റ്/റിഫ്രഷ് ചെയ്യുന്നതില്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ ആവശ്യാര്‍ഥം സഊദി അറേബ്യയുടെ പുറത്ത് പോകുന്ന കുട്ടികള്‍, രോഗിയായ കുടുംബാംഗങ്ങളെ പരിചരിക്കാനായി രക്ഷിതാക്കളില്‍ ഒരാള്‍ കൂടെ പോകുന്നത്, വിദേശത്ത് കുടുംബത്തിന് അടിയന്തരഘട്ടത്തില്‍ പോകേണ്ട സാഹചര്യം തുടങ്ങിയ അവസരങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിന്നാന് ഇത്തരമൊരു പരിഷ്‌കരണം. നേരത്തെ സഊദിയില്‍വച്ച് ഇഖാമ പുതുക്കുന്ന സമയത്ത് എല്ലാ കുടുംബാംഗങ്ങളും രാജ്യത്ത് ഉണ്ടായിരിക്കണമെന്നായിരുന്നു നിയമം. സഊദിയിലെ പ്രവാസിയുടെ കുടുംബത്തിലെ മക്കളോ അല്ലെങ്കില്‍ പങ്കാളിയോ ഏതെങ്കിലും ആവശ്യത്തിന് നാട്ടിലോ മറ്റോ പുറത്തുപോയാല്‍ ഇഖാമ പുതുക്കാന്‍ കഴിയുമായിരുന്നില്ല. ഇത് ഇഖാമ കാലഹരണപ്പെടാന്‍ കാരണമാകുമായിരുന്നു. എന്നാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇഖാമ പുതുക്കല്‍ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ സഊദി അറേബ്യയില്‍ കുടുംബനാഥന്റെ സാന്നിധ്യം മതി. ഒരു അംഗം വിദേശത്താണെങ്കില്‍ പോലും കുടുംബങ്ങള്‍ക്ക് അവരുടെ നിയമപരമായ പദവി നിലനിര്‍ത്താനും അവശ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാനും കഴിയും.
രാജ്യത്തിന് പുറത്തുള്ള കുടുംബാംഗങ്ങള്‍ക്കുള്ള എക്‌സിറ്റ്, റീഎന്‍ട്രി വിസകളുടെ വിപുലീകരണം ഇപ്പോള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് ആണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇക്കാരണത്താല്‍ ‘SADAD’, ‘Absher’ പ്ലാറ്റ്‌ഫോമുകളിലൂടെ ഇഖാമ പുതുക്കാന്‍ കഴിയും. പാസ്‌പോര്‍ട്ട് ഓഫിസുകളിലേക്ക് അപേക്ഷകര്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ എക്‌സിറ്റ്, റീഎന്‍ട്രി വിസകള്‍ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 സഊദി റിയാലാണ്. ഇഖാമ, ഫൈനല്‍ എക്‌സിറ്റ് എന്നിവ പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് യഥാക്രമം 51.75 റിയാലും 70 റിയാലുമാണ്. ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലുമാണ്.
