വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍; മാതൃത്വമില്ലാതെ അഞ്ച് മക്കള്‍

0
3738

പെരുമ്പാവൂര്‍: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മക്ക് ശനിയാഴ്ച പിറന്നതുൾപ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ്.

മൂത്ത മകന് 14 വയസ്സുണ്ട്​. നാലാമത്തേത് രണ്ട് വയസ്സുകാരി. ഉമ്മയുടെ വിയോഗം തിരിച്ചറിഞ്ഞത് മൂത്തവന്‍ മാത്രം. അസ്മയുടെ വയോധികയായ മാതാവ് ഷെരീഫയുടെയും സഹോദരന്‍ അഷ്​റഫ് ബാഖവിയുടെയും മുന്നില്‍ ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്. ഉമ്മയില്ലാത്തതിന്റെ അസ്വസ്ഥതകള്‍ കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മന്ത്രവാദവും സിദ്ധവൈദ്യവും അക്യുപഞ്ചര്‍ ചികിത്സയും പ്രയോഗിച്ചത് പ്രസവ സമയത്ത് വിനയായെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്മ പ്രസവസമയത്ത് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ താന്‍ പഠിച്ച ചികിസാരീതികള്‍ പ്രയോഗിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

യുവതിയുടെ മൂന്ന് പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. പ്രസവസമയത്ത് അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മൂത്ത മകന്‍ വെള്ളം കൊടുത്തു. ഈ സമയത്തും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സിറാജുദ്ദീന്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.