തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിക്കാത്തതില്‍ മനംനൊന്ത് 21-കാരനായ വ്‌ളോഗര്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. മകന്‍ റീല്‍സുകള്‍ നിര്‍മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തിരുന്നതായും എന്നാല്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടാത്തതില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് 21-കാരന്റെ പിതാവ്.
‘ഞങ്ങള്‍ അവന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 376 റീലുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ഇതുവരെ 7,923 ഫോളോവേഴ്സ് ഉണ്ടെന്നും കണ്ടെത്തി. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ ജീവനക്കാരന്‍ കൂടിയായിരുന്നു ഇയാള്‍’ – പോലീസ് അറിയിച്ചു.
