വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശം: പരാതി നൽകി യൂത്ത് ലീഗ്

0
1000

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ പരാതി നൽകി യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഡിപി നേതാവ് അഷ്റഫ് വാഴക്കാലയും പരാതി നൽകിയിട്ടുണ്ട്. തൃക്കാക്കര എ.സിപിക്കാണ് പരാതി നല്‍കിയത്. പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകി.

കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ വിമർശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളിൽ വിഷം നിറക്കുന്ന നടേശനെതിരെ നമ്മൾ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റൽ തുടർന്നാൽ യൂത്ത് കോൺഗ്രസ് വേണ്ട രീതിയിൽ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് മോശമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. അദ്ദേഹത്തെ പോലൊരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന അങ്ങേയറ്റം പ്രതിഷാധാർഹമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനില്‍ കുമാര്‍ എംഎൽഎ പറഞ്ഞു.

ജില്ലയിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ പ്രസ്താവനയാണിത്. ബിജെപിയെ പ്രീണിപ്പിക്കുന്നതില്‍ വെള്ളാപ്പള്ളിക്ക് വലിയ ലക്ഷ്യമുണ്ടെന്നും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും എ.പി.അനില്‍ കുമാര്‍ പറഞ്ഞു.

മലപ്പുറം ജില്ലക്കെതിരെയായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്ന് അദ്ദേഹം പറഞ്ഞു. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലാണ് വിദ്വേഷ പ്രസംഗം.