ദില്ലി: രാജ്യതലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 27.4 കോടി രൂപയുടെ മെത്താഫിറ്റമിനും കൊക്കെയ്നും എംഡിഎംഎയും പിടിച്ചെടുത്തു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ നാലു പേർ നൈജീരിയൻ സ്വദേശികളാണ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ദില്ലി പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഛത്തർപൂരിൽ നിന്നും സംഘം പിടിയിലായത്.
അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും 10 കോടി രൂപയിൽ അധികം വില വരുന്ന മെത്താഫിറ്റമിനും കണ്ടെടുത്തു. തുടർന്ന് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റൽ മെത്തഫെറ്റമിനും ഹെറോയിനും അടക്കം രാസലഹരികൾ പിടികൂടിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി വിസയിൽ ഇന്ത്യയിൽ എത്തുന്ന ആഫ്രിക്കൻ യുവാക്കൾ ഇത്തരം സംഘങ്ങളുമായി ചേർന്ന് ലഹരി കച്ചവടത്തിൽ ഏർപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. സംഘത്തിന് ലഹരി എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.
