വെടിനിര്‍ത്തലും, സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഹമാസിന് പുതിയ മുന്നറിയിപ്പുമായി ഇസ്രയേല്‍. ബന്ദികളെ എത്രയും വേഗം വിട്ടയയ്ക്കണം. അല്ലെങ്കില്‍, ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും.
മേഖലയില്‍ ഇസ്രയേല്‍ ‘സ്ഥിരസാന്നിധ്യം’ നിലനിര്‍ത്തുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ജനുവരി 19ന് ധാരണയായ വെടിനിർത്തൽ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, മധ്യസ്ഥരുമായി ആശയവിനിമയം തുടരുകയാണെന്ന് ഹമാസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് കാറ്റ്സിന്റെ പ്രസ്താവന.
മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും, കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനും, ഇസ്രയേല്‍ സമൂഹങ്ങളെയും ഐഡിഎഫ് സൈനികരെയും സംരക്ഷിക്കുന്നതിനുമായി ഗാസയ്ക്കു ചുറ്റുമുള്ള സുരക്ഷാ മേഖല വികസിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് കാറ്റ്സ് നിര്‍ദേശം നല്‍കിയിരുന്നു. ബന്ദിക്കളാക്കിയവരെ വിട്ടയയ്ക്കാന്‍ ഹമാസ് വിസമ്മതിക്കുന്നത് തുടരുന്തോറും പലസ്തീന് കൂടുതല്‍ പ്രദേശങ്ങള്‍ നഷ്ടപ്പെടും.
ഇസ്രയേല്‍ ആവശ്യങ്ങള്‍ ഹമാസ് അനുസരിച്ചില്ലെങ്കില്‍, ഗാസയുടെ ചില ഭാഗങ്ങള്‍ സ്ഥിരമായി കൈവശപ്പെടുത്തുമെന്ന ധ്വനിയോടെയാണ് കാറ്റ്സിന്റെ വാക്കുകള്‍. യുഎസ് പ്രസിഡന്റ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫിന്റെ നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ പാലിക്കുന്നുണ്ടെന്നും കാറ്റ്സ് പറഞ്ഞു. അതേസമയം, വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെ തുടങ്ങിയ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിനു പിന്നാലെ, കടല്‍, കര മാര്‍ഗമുള്ള ആക്രമണവും ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
