ഭക്ഷണം വേണ്ട, മയക്കുമരുന്ന് മതി; ജയിലിൽ ലഹരിയാവശ്യപ്പെട്ട് ഭർ‌ത്താവിനെ കൊന്ന ഭാര്യയും ആൺസുഹൃത്തും

0
1357

ലഖ്നൗ: യുപിയിലെ മീറഠിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വെട്ടിമുറിച്ച് ഡ്രമ്മിൽ സിമന്റിട്ട് അടച്ച ഭാര്യയും ആൺസുഹൃത്തും ജയിലിൽ മയക്കുമരുന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതുമുതൽ ഇത് കിട്ടാത്തതിനാൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും ജയിൽ വൃത്തങ്ങൾ പറയുന്നു.

മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ 29കാരൻ സൗരഭ് രജ്പുത്തിനെ കുത്തിക്കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വെള്ളം നിറയ്ക്കുന്ന ഡ്രമ്മിലിട്ട് സിമന്റ് തേച്ചടച്ച സംഭവത്തിൽ അറസ്റ്റിലായ ഭാര്യ മുസ്കാന്‍ റസ്തോഗി (27)യും കാമുകന്‍ സാഹില്‍ ശുക്ല (25) യുമാണ് ജയിലിലുള്ളത്. ജയിലിലെ ഡി-അഡിക്ഷൻ സെന്ററിൽ നിരീക്ഷണത്തിലാണ് ഇരുവരും. ഇവരുടെ ആരോഗ്യനില സാധാരണ നിലയിലാകാൻ എട്ട് മുതൽ പത്ത് ദിവസം വരെ എടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഡോക്ടർമാർ ഇവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

സാഹിൽ ആണ് മുസ്‌കാന് മയക്കുമരുന്ന് പരിചയപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇരുവരും സ്ഥിരം മയക്കുമരുന്ന് കുത്തിവയ്ക്കാറുണ്ടെന്നും മറ്റ് പല ലഹരി വസ്തുക്കൾക്കും അടിമകളാണെന്നും അവർ പറഞ്ഞു. മുസ്‌കാനും സാഹിലും മീററ്റിലെ ചൗധരി ചരൺ സിങ് ജില്ലാ ജയിലിലാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. ഒരുമിച്ച് താമസിക്കാൻ ആ​ഗ്രഹിച്ചെങ്കിലും ജയിൽ ചട്ടങ്ങൾ അതിന് അനുവദിക്കാത്തതിനാൽ ഇരു സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. മുസ്‌കാൻ വനിതാ വിഭാ​ഗത്തിലും സാഹിൽ പുരുഷ വിഭാഗത്തിലുമാണുള്ളത്.

ജയിലിൽ പ്രവേശിച്ചതുമുതൽ മുസ്കാൻ രാത്രി ക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണ്. എന്നാൽ ജയിൽ അധികൃതർ പ്രതിയെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്. മറുവശത്ത്, സാഹിൽ പരസ്യമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു. ജയിലിൽ തടവുകാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാണ്. ഡി-അഡിക്ഷൻ സെന്റർ മുഖേന ഇരുവർക്കും കൗൺസിലിങ് നൽകാനൊരുങ്ങുകയാണ് ജയിൽ അധികൃതർ. ലഹരിയിൽ നിന്ന് മുക്തരാകാൻ ഇരുവർക്കും ആവശ്യമായ ചികിത്സ നൽകുമെന്നും അവർ അറിയിച്ചു.