ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്ത് മാര്‍ച്ച് 15 ന് അറസ്റ്റിലായത് 284 പേര്‍

0
538

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം അറസ്റ്റിലായത് 284 പേര്‍. 2,841 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധതരത്തിലുള്ള മയക്കുമരുന്നുകള്‍ കൈവശം വെച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

26.433 ഗ്രാം എംഡിഎംഎ, 35.2 കിലോ കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവയാണ് പിടികൂടിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തില്‍ എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.