ലാന്‍ഡിങിനിടെ ഇൻഡിഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു

0
1270

ചെന്നൈ: ലാന്‍ഡിങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി. മാര്‍ച്ച് എട്ടിന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍ സ്‌ട്രൈക്ക് ). സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിലത്തിറങ്ങിയ വിമാനം ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം സേവനം പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി യാത്രക്കാരുടെയും ജീവനക്കാരുടേയും വിമാനത്തിന്റേയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതെന്നും പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലേക്ക് പോയ വിമാനത്തിന്റെയും പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയിരുന്നു. അന്ന് അന്വേഷണത്തിന്റെ ഭാഗമായി ആ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ കമ്പനി ഒഴിവാക്കുകയും ചെയ്തു. 2023 ല്‍ ആറ് മാസത്തിനിടെ നാല് ടെയ്ല്‍ സ്‌ട്രൈക്കുകളാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് സംഭവിച്ചത്. ഇതേ തുടര്‍ന്ന് 30ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയത്. 

ഈ സംഭവങ്ങളുടെ ഭാഗമായി നടത്തിയ ഓഡിറ്റിങില്‍ ഇന്‍ഡിഗോയുടെ പരിശീലനത്തിലും എഞ്ചിനീയറിങ് നടപടിക്രമങ്ങളിലും പോരായ്മകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.