മദ്യപിച്ചുള്ള വാഹനാപകട നഷ്ടപരിഹാരം: ഇൻഷുറൻസ് കമ്പനിക്ക് ഒഴിയാനാകില്ല

0
916

ചെന്നൈ: അപകടസമയത്ത് വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നു എന്നതുകൊണ്ട് ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഒഴിയാൻ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. രണ്ടുവർഷം മുൻപ്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനവിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ഉത്തരവ്.

അശ്രദ്ധമായി ഓടിച്ച വാൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതിവിധി. 37 വയസ്സുള്ള കുടുംബനാഥന്റെ മരണത്തിൽ 65 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 27,65,300 രൂപ നൽകാനാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ ഉത്തരവിട്ടത്.

വണ്ടിയോടിച്ചയാൾ അപകടം നടന്നപ്പോൾ മദ്യപിച്ചിരുന്നെന്ന് ചൂണ്ടിക്കാണിച്ച ട്രിബ്യൂണൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഇൻഷുറൻസ് കമ്പനിയെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം 30,25,000 രൂപയായി വർധിപ്പിച്ച കോടതി അധികം വരുന്ന പണം ഇൻഷുറൻസ് കമ്പനി കെട്ടിവെക്കണം എന്ന് നിർദേശിച്ചു.