ഭീകരവാദികൾക്കെതിരായ പോരാട്ടം തുടരുമെന്ന് പി.സി. ജോർജ്

0
1817

കോട്ടയം: തീവ്രവാദ പ്രവർത്തനത്തിനെതിരെ തുടങ്ങിവെച്ച പോരാട്ടം തുടരുമെന്ന് പി.സി. ജോർജ്. മതവിദ്വേഷ പരാമർശ കേസിൽ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായും ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ തുടങ്ങിവെച്ച പോരാട്ടം ശക്തമായി തുടരും. തന്‍റേടത്തോടെ മുന്നോട്ടു പോകുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല’ -പി.സി. ജോർജ് വ്യക്തമാക്കി.

അതേസമയം, ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഇനിയും ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് മകൻ ഷോൺ ജോർജ് പ്രതികരിച്ചത്. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ പി.സി. ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് ജോർജിനെതിരേ മുസ്ലിം ലീഗ് തിരിയാൻ കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു.

മകൻ എന്ന നിലയിൽ പി.സി. ജോർജിനെതിരെ കേസ് കൊടുത്തവർക്ക് നന്ദി. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങൾ അറിയാൻ കഴിയില്ലായിരുന്നു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയാറാകാത്ത ആളാണ് പി.സി. ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരനാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.