സഊദി വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങളുടെ വിയോഗം: കണ്ണ് നനയുന്ന ഓർമകളുമായി സഹപ്രവർത്തകർ

0
791

കോഴിക്കോട്: സഊദി വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങളുടെ വിയോഗം വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രവാസി ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) കീഴിലെ സഊദി വിഖായ ചെയർമാൻ കൂടിയായ തങ്ങൾ അടുത്ത ബലി പെരുന്നാൾ സമയം നടക്കുന്ന വിഖായ പ്രവർത്തനങ്ങളുടെ ഒരുക്കത്തിനിടെയാണ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായത്.

നാട്ടിൽ ലീവിന് പോയ ശേഷം ഡൽഹി യാത്രയിലായിരുന്നു. അവിടെ നിന്നും പനി ബാധിച്ച് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെക്ക് അഡ്മാക്കി ചികിത്സയിരിക്കെ ഇന്ന് കാലത്ത് 5 മണിക്ക് മരണപ്പെടുകയായിരുന്നു.

വളരെ യുവത്വം തുളുമ്പുന്ന, സംഘടന പ്രവർത്തകർക്ക് ആവേശം നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നിൽ നിൽക്കുന്ന തങ്ങളുടെ വിയോഗം അക്ഷരാർത്ഥത്തിൽ പ്രവാസികൾക്ക് നൊമ്പരമായി. തങ്ങളുടെ വിയോഗത്തിൽ വിഖായ കൺവീനർ കൂടിയായ ഷജീർ കൊടുങ്ങലൂർ സോഷ്യൽ മീഡിയയിൽ എഴുതിയ വരികൾ സംഘടന പ്രവർത്തകർക്ക് ലഭിക്കുന്ന ആത്മാർഥ പ്രാർത്ഥനയും വേദനയും വ്യക്തമാക്കുന്നതാണ്. കുറിപ്പ് വായിക്കാം👇

യാത്ര കോഴിക്കോട്ടേക്കാണ്….

പ്രഭാത ഭക്ഷണം കഴിഞ്ഞ് വാട്ട്സ്ആപ്പിൽ മെസേജുകൾ നോക്കിയപ്പോഴാണ് മാനു തങ്ങളുടെ മരണവാർത്ത അറിഞ്ഞത്.
വിശ്വസിക്കാനായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ഇതേ സമയത്താണ് അദ്ദേഹം അസുഖം ബാധിച്ച് ഡൽഹിയിൽ ചികിത്സയിലാണ് എന്ന വാർത്ത കേട്ടത്. അന്ന് മുതൽ പെട്ടെന്ന് ഭേദമാകും എന്ന പ്രതീക്ഷയോടെ പലരോടും നിലവിലെ സ്ഥിതി ഗതികൾ ചോദിച്ചറിഞ്ഞിരുന്നു
പക്ഷെ ഇന്നത്തെ വാർത്ത വളരെ ഞെട്ടലോടെ ആയിരുന്നു കേട്ടത്.

സൗദിയിൽ സമസ്ത ഇസ്ലാമിക് സെന്റർ (SIC) പുതിയ നാഷണൽ കമ്മിറ്റി നിലവിൽ വന്നപ്പോൾ വിഖായ കൺവീനർ ആയി ഈ വിനീതനെ തെരെഞ്ഞെടുത്തു എന്ന് കേട്ടപ്പോൾ വല്ലാത്ത ഭയവും സങ്കോചവും ആയിരുന്നു. ഞാൻ എങ്ങനെ കാര്യങ്ങൾ മൂന്നോട്ട് കൊണ്ട് പോകും എന്ന വേവലാതി ഉസ്താദ്മാരോടും നേതാക്കളോടും പങ്ക് വെച്ചപ്പോൾ ‘മാനൂ തങൾ ഉണ്ടല്ലോ, പിന്നെ എന്താ പ്രശ്നം ‘ എന്ന മറുപടി ആയിരുന്നു നൽകിയത്.
അവർ പറഞ്ഞത് സത്യമായിരുന്നു. കഴിഞ്ഞ വർഷത്തെ ഹജ്ജ് വോളണ്ടിയർ സേവന സമയത്ത് സദാ സമയവും കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. പലപ്പോഴും ഫോണിൽ വിളിച്ച് കാര്യങൾ അന്വേഷിക്കുമായിരുന്നു.
ഹജ്ജ് സമയം മിനയിൽ വെച്ച് കണ്ട്മുട്ടാം എന്ന് ഓരോ പ്രാവശ്യം വിളിക്കുമ്പോഴും ആവർത്തിച്ചു പറഞ്ഞിരുന്നു. പക്ഷെ, ചില സാങ്കേതിക പ്രശ്നങ്ങളാൽ എനിക്ക് പോകാൻ സാധിച്ചില്ല. അത് കൊണ്ട് തന്നെ എന്റെ അഭാവത്തിൽ ഞാൻ ചെയ്യേണ്ടിയിരുന്ന പല ഉത്തരവാദിത്വങ്ങളും അദേഹം ഏറ്റെടുക്കുകയായിരുന്നു.
അതിന് ശേഷവും നേരിൽ കാണാനുള്ള ആഗ്രഹം അദ്ദേഹം ഓർമിപ്പിച്ചു.
അങ്ങനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് നടന്ന സമസ്ത നൂറാം വാർഷിക സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് ആദ്യമായി മുഖാമുഖം കണ്ട് മുട്ടിയത്….

അവസാനമായും….

അതൊരു ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച ആയിരിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഒരുപാട് നേരം ഒരുപാട് കാര്യങൾ സംസാരിച്ചു. അടുത്ത വർഷത്തെ ഹജ്ജ് വോളണ്ടിയർ സേവനത്തെ കുറിച്ച് ചെറിയ ഓർമ്മപ്പെടുത്തലും കൂട്ടത്തിൽ ഉണ്ടായിരുന്നു. വളരെ ആവേശത്തോടെ ആ സയ്യിദ് അവർകൾ തന്നെ തൻെറ മൊബൈൽ എടുത്ത് ഒരു സെൽഫിയൂം എടുക്കാൻ മറന്നില്ല

ആദ്യത്തെയും അവസാനത്തെയും.

പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാൻ നേരം SIC സൗദി ടീം ഒന്നിച്ച് ഫോട്ടോ എടുത്ത് ഒരുപാട് സംസാരിച്ച് തമാശകൾ പറഞ്ഞ് പിരിഞ്ഞതായിരുന്നു.
ഇന്നത്തെ തലമുറയോട് ചേർന്ന് നിൽക്കാനും അവരോടൊപ്പം കൂടാനും ഉള്ള പ്രത്യേക വിനയവും ലാളിത്യവും അദേഹത്തിന്റെ കഴിവായിരുന്നു. ഒരു സയ്യിദ് കുടുംബത്തിന്റെ സന്തതിയാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത സൗഹൃദമായിരുന്നു അദ്ദേഹം സമ്മാനിച്ചത്.
ഒരു പുഞ്ചിരി മുഖത്ത് എപ്പോഴും കാണാൻ സാധിച്ചിരുന്നു.

അവസാനമായി ഒരു നോക്ക് കാണാൻ കോഴിക്കോട് അരീക്കോട് ലക്ഷ്യമാക്കി നീങ്ങുകയാണ് ഞാൻ….

– ഷെജീർ കൊടുങ്ങല്ലൂർ

ഫോട്ടോ: അന്തരിച്ച സയ്യിദ് മാനു തങ്ങൾ (ഇടത്), ഫെസ്ബുക്ക് കുറിപ്പുകാരൻ ഷജീർ കൊടുങ്ങലൂർ (വലത്)