സഹോദരനെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്ന് തിന്നു, വളർത്തുപൂച്ചയെ തീകൊളുത്തി; ഫുട്ബോൾ താരം അറസ്റ്റിൽ

0
1652

വാഷിങ്ടൻ: അമേരിക്കയിൽ സഹോദരനെ അതിദാരുണമായി കൊലപ്പെടുത്തി ഫുട്ബോൾ താരം. സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഫുട്ബോൾ താരം മാത്യു ഹെർട്ട്ജൻ എന്ന യുവാവിനെയാണ് യുഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ജോസഫ് ഹെർട്ട്ജനെ വെട്ടിക്കൊലപ്പെടുത്തിയ ഇയാൾ, കണ്ണ് ചൂഴ്ന്നു തിന്നുകയും വളർത്തുപൂച്ചയെ തീകൊളുത്തി കൊല്ലുകയും ചെയ്തു. വിതർസ്പൂൺ സ്ട്രീറ്റിലെ മിഷേൽ മ്യൂസ് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം.

ജോസഫ് ഹെർട്ട്ജന്റെ മൃതദേഹത്തിനൊപ്പം രക്തം പുരണ്ട ഒരു കത്തി, ഫോർക്ക്, പ്ലേറ്റ് എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി.  പൂച്ചയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ സഹോദരന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചതായി മാത്യു ഹെർട്ട്ജൻ മൊഴി നൽകി. 

ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ സഹോദരനെ കൊലപ്പെടുത്തിയത്. മാത്യു ഹെർട്ട്ജനെതിരെ കൊലപാതകം, മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.