വാട്‌സാപ്പ് വഴി വ്യാപാരിയെ രണ്ട് ദിവസം വീട്ടുതടങ്കലിലാക്കി, 61 ലക്ഷം അയപ്പിച്ചു; രണ്ടുപേർ പിടിയിൽ

0
1563

ചേർത്തല: വെർച്വൽ അറസ്റ്റിലൂടെ വ്യാപാരിയിൽനിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ അറസ്റ്റിൽ. ലഖ്‌നൗ ബാലഗഞ്ച് സ്വദേശി ശുഭം ശ്രീവാസ്തവ (30), അമേഠി കത്തൗര സ്വദേശി മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലെയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. ചേർത്തല സ്വദേശിയായ വ്യാപാരിയെ വാട്സാപ്പ് കോളിലൂടെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി രണ്ടുദിവസത്തോളം വീട്ടുതടങ്കലിലാക്കി. മൂന്നു തവണയായി 61.40 ലക്ഷം രൂപ പ്രതികളുടെ നിയന്ത്രണത്തിലുള്ള വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ചു.

ഇരകളുടെ മൊബൈൽ ഫോൺ നമ്പർ ഇതര സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ വിലയ്ക്കെടുത്താണ് തട്ടിപ്പുപണം കൈപ്പറ്റുന്നത്. പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയുമായിരുന്നു.

ഈ കേസിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലുപേരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. അവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചു. തുടർന്ന് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

ചേർത്തല അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹരീഷ് ജെയിനിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.