കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. പി.സി.ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ കഴുകി കളയാനാവില്ലെന്നും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രകോപനം കൊണ്ടാണ് പി.സി.ജോര്‍ജ് അത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹനല്ലെന്നും ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും ഹൈക്കോടതി പറഞ്ഞു. പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുതെന്നും ജോര്‍ജിനെതിരെ പ്രഥമദൃഷ്ട്യ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കുെമന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്നുവെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്ട്രേറ്റ് കോടതികളും നൽകിയ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ല. സമാന കേസിൽ മുമ്പ് ജാമ്യം അനുവദിച്ചപ്പോൾ, പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് ഹൈകോടതി ഓർമിപ്പിച്ചിരുന്നതാണ്. എന്നാൽ, അതടക്കം ഉത്തരവുകൾ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു.
ചാനൽ ചർച്ചയിൽ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജോർജ് നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് കോടതിയുടെ വാക്കാൽ നിരീക്ഷണം. ജോർജിന്‍റെ പരാമർശത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.
മുസ്ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടർന്ന് മറുപടി നൽകിയപ്പോൾ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂർവമല്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം. അബദ്ധം തിരിച്ചറിഞ്ഞപ്പോൾ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞതായും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങൾ ആവർത്തിക്കുകയാണ് ഹരജിക്കാരനെന്ന് കോടതി വിമർശിച്ചു. 40 വർഷം എം.എൽ.എയായിരുന്ന ജോർജ് സാധാരണക്കാരനല്ല. മുമ്പ് ജാമ്യം നൽകിയ ഉത്തരവിൽ അധിക്ഷേപകരമായി പ്രസംഗിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് വ്യവസ്ഥയുള്ളതെന്നും ചാനൽ ചർച്ചയിലാണ് അബദ്ധം സംഭവിച്ചതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ചാനൽ ചർച്ചകൾ ലക്ഷങ്ങളാണ് കാണുന്നതെന്ന് കോടതി പ്രതികരിച്ചപ്പോൾ ലക്ഷങ്ങൾ കാണുന്നവിധം മാപ്പുപറഞ്ഞതായി ഹരജിക്കാരനും മറുപടി നൽകി.
ജോർജിന്റേത് വിദ്വേഷപരാമർശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സർക്കാർ വാദിച്ചു. മുമ്പ് നാലുതവണ സമാന അധിക്ഷേപ പരാമർശത്തിന്‍റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെ വിശദാംശങ്ങളും ചാനൽ ചർച്ചയിലെ പരാമർശങ്ങളും സർക്കാർ അഭിഭാഷകൻ കോടതിയിൽ വായിച്ചു. മുമ്പ് നടത്തിയ പരാമർശത്തിന് ഒരുദിവസം ജയിലിൽ കഴിഞ്ഞതാണെന്നും ഹരജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും എല്ലാ മുസ്ലിംകളും പാകിസ്താനിലേക്ക് പോകണമെന്നുമുള്ള പരാമർശം സാമുദായിക സ്പർധയുണ്ടാക്കുന്നതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകളുടെ ലംഘനം നിസ്സാരമായി കാണാനാവില്ലെന്നും ഹരജിക്കാരൻ പൊലീസിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
