വിഴിഞ്ഞം: റോഡിൽ പാർക്കുചെയ്തിരുന്ന മൂന്നു കാറുകൾ യുവാവ് അടിച്ചുതകർത്തു. വിഴിഞ്ഞം ഹാർബർ റോഡിൽ പാർക്കുചെയ്തിരുന്ന, ടൗൺഷിപ്പ് സ്വദേശികളായ സതീഷ്‌കുമാർ, അസ്‌ക്കർ, അൽഅമീൻ എന്നിവരുടെ കാറുകളാണ് തകർത്തത്. ഗ്ലാസുകൾ, ബോണറ്റുകൾ അടക്കമുളള ഭാഗങ്ങളാണ് അടിച്ചു തകർത്തത്. ചൊവ്വാഴ്ച അർധരാത്രി ഒന്നരയോടെയാണ് സംഭവം.
കാറുടമകളിൽ സതീഷ് കുമാർ നൽകിയ പരാതിയിൽ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി ഫൈസലിനെ (28) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. സതീഷിന്റെ കാറിന് 10000 രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. മദ്യലഹരിയിലാണ് ഇയാൾ കാറുകൾ അടിച്ചുപൊട്ടിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. മാരായ വിനോദ്, ദിനേശ്, സേവിയർ എന്നിവരുൾപ്പെട്ട് സംഘമാണ് ഇയാളെ ബലപ്രയോഗത്തിലൂടെ പിടികൂടിയത്.
