പെൺകുട്ടിയുടെ വീട്ടിൽ കയറി ഉമ്മ ചോദിച്ചു, വഴിയിലും ശല്യം; 33കാരന് കഠിനതടവ്

0
751

പെൺകുട്ടിയുടെ വീട്ടിൽ കയറി ഉമ്മ ചോദിക്കുകയും തുടർച്ചയായി വഴിയിലും മറ്റും ശല്യം ചെയ്യുകയും ചെയ്ത 33കാരന് കഠിനതടവ് വിധിച്ച് കോടതി. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല്  പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തു. ഇതേതുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്.

സംഭവത്തില്‍  പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും കോടതി വിധിച്ചു. 90,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിയെ ശിക്ഷിച്ചത്.