ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 15 മരണം; അൻപതിലേറെ പേർക്ക് പരുക്ക്

0
1269

ന്യൂഡൽഹ: മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ, മുന്നു കുഞ്ഞുങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചു. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എൽഎൻജിപി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അൻപതിലേറെ പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

രാത്രി പത്തു മണിയോടെയാണ് സംഭവം. സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. അപകടത്തിൽ 15 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. എന്നാൽ പിന്നീട് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.

പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. 

തിക്കിലും തിരക്കിലും പെട്ടു കുഴഞ്ഞുവീണ സ്ത്രീയെ ട്രെയിനിന് പുറത്തേക്ക് എത്തിക്കുന്നു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവു അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷണർക്കും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന നിർദേശം നൽകി. ലഫ്റ്റനന്റ് ഗവർണർ എൽഎൻജിപി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.