ബംഗളൂരുവില്‍ ബന്നാര്‍ഗട്ട റോഡില്‍ ഒരു അതിശയിപ്പിക്കുന്ന റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട്. സാധാരണ പോലുള്ള റസ്‌റ്റോറന്റ് അല്ല. ഒരു പടുകൂറ്റന്‍ വിമാനമാണ് റസ്റ്റോറന്റ്. സേവനം നിര്‍ത്തലാക്കിയ ഒരു വിമാനമാണിത്. ആധുനിക അലങ്കാരങ്ങളും സുഖപ്രദമായ ഇരിപ്പിടങ്ങളുമുള്ള ഒരു ചിക് ഡൈനിങ് ഏരിയയും ഇതിലുണ്ട്. അതാണ് ടൈഗര്‍ ആരോ റസ്‌റ്റോറന്റ്. അകത്തു കടന്നാല്‍ വിമാനത്തില്‍ കയറിയ ഫീല്‍ തന്നെ.
അകത്തേക്ക് കയറാനും ഇറങ്ങാനുമൊക്കെ ഇരുവശങ്ങളിലുമായി ഓരോ എയര്‍ക്രാഫ്റ്റ് ലാഡറുകളുമുണ്ട്. ഈ റസ്റ്റോറന്റിലെ സീറ്റുകളും വിമാനത്തിലെ പോലെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇരു വശങ്ങളിലുമായി തന്നെ. വെയിറ്റര്‍മാര്‍ക്ക് നടുവിലൂടെ നടക്കാനും പറ്റും. ഇതിനുള്ളില്‍ ശരിക്കും വിമാനത്തില്‍ കയറിയ പോലെതന്നെയാണുള്ളത്. സീറ്റ് റിസര്‍വേഷന്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
റിസര്‍വ് ചെയ്യുന്ന സീറ്റുകള്‍ക്ക് ലഭിക്കുക ബോര്‍ഡിങ് പാസായിരിക്കും. അതുകൊണ്ട് അകത്ത് കയറിയാല്‍ ബുക്ക് ചെയ്ത സീറ്റില്‍ തന്നെ ഇരിക്കാം. പോയവര്‍ക്കൊക്കെ റെസ്‌റ്റോറന്റിനുള്ളില്‍ കയറിയാല്‍ വിമാനത്തിലെ പോലെയുള്ള ഫീല്‍ തന്നെയാണെന്നതില്‍ തര്‍ക്കവുമില്ല. റെസ്റ്റോറന്റില്‍ ഇന്ത്യന്‍, ഏഷ്യന്‍ കോണ്ടിനെന്റല്‍ വിഭവങ്ങളുമുണ്ട്.
നിങ്ങള്‍ എരിവ് ഇഷ്ടമുള്ളവരാണെങ്കില്‍ എരിവുള്ള കറികളും രുചികരമായ ഏഷ്യന്‍ വിഭവങ്ങളും കഴിക്കാം. ഇനി ക്ലാസിക് കോണ്ടിനന്റല്‍ ഭക്ഷണങ്ങളാണ് വേണ്ടതെങ്കില്‍ അതുമാവാം. ഈ റസ്‌റ്റോറന്റിനുള്ളിലെ അലങ്കാരങ്ങളും ലൈറ്റിങും നല്ല ആകര്‍ഷണം നല്‍കുന്നവയാണ്.
നിര്‍ത്തലാക്കിയ വിമാനങ്ങളെ പ്രവര്‍ത്തനപരമായ രീതിയില്‍ എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന് ഈ നൂതന ആശയം എടുത്തു കാണിക്കുന്നു.
എന്നാല്‍ രസകരമായ പല കമന്റുകളും റെസ്റ്റോറന്റുമായി ബന്ധ്‌പ്പെട്ടു വരുന്നുണ്ട്. കുട്ടികളുമായി ഒരുദിവസം ചിലവഴിക്കാന്‍ പറ്റിയ ഇടമാണെന്നാണ് ചിലരുടെ കമന്റ്. മെനു വളരെ കുറവാണെന്നും ഭക്ഷണം ശരാശരിയാണെന്നും. കുട്ടികള്‍ക്കൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ വിമാനത്തിന്റെ ഉള്‍വശം പറ്റിയ ഇടമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ആള്‍ത്തിരക്ക് കൂടുതലും സര്‍വീസ് നല്ലതായി തോന്നുന്നില്ലെന്നും ഭക്ഷണം ആവറേജെന്നും കാലങ്ങള്‍കൊണ്ട് മാറ്റിയെടുക്കാമെന്നും ഉള്ള കമന്റുകളുമുണ്ട്. ഇക്കാലത്ത് ഒരു വിമാനവും ടിക്കററിനോടൊപ്പം ഭക്ഷണം നല്‍കാറില്ല. അധികം പണംനല്‍കണം. എന്നാല്‍ ഈ വിമാനം ഒരിക്കലും ടേക്ക് ഓഫ് ചെയ്യില്ല. ഭക്ഷണം മാത്രം നല്‍കുമെന്നും കാഴ്ചക്കാര്‍. ഈ റസ്റ്റോറന്റ് തുറന്നതിനു ശേഷം വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. അതുകൊണ്ട് ബംഗളൂരിവില്‍ പോകുന്നവരുണ്ടെങ്കില്‍ വിമാനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തരുത്.
