ഓൺലൈൻ മീൻ കച്ചവട തട്ടിപ്പ്; മലയാളികൾ ഉൾപ്പെടെ ഒട്ടറെ പേർക്ക് പണം നഷ്ടമായി

0
1069

കുവൈത്ത് സിറ്റി: കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ വിലക്ക് മീൻ നൽകാമെന്നായിരുന്നു പരസ്യം. പ്രമുഖ മീൻ കച്ചവട സ്ഥാപനത്തിന്റെ പേരിലായിരുന്നു പരസ്യം. ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളാണ് ഓഫറിൽ വെച്ചത്. 10 കിലോ ചെമ്മീന് എട്ട് ദിനാർ ആയിരുന്നു ഇവരുടെ വാഗ്ദാനം.

ഓഫറിൽ വീഴുന്നവരോട് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ലിങ്ക് അയച്ചു നൽകും. ഒടിപി എന്റർ ചെയ്തു കഴിയുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം കാലിയാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. അബ്ബാസിയയിൽ താമസിക്കുന്ന ഒരു മലയാളിക്ക് ഈ തട്ടിപ്പിൽ 580 ദിനാർ നഷ്ടപ്പെട്ടതായിട്ടാണറിയുന്നത്.  തട്ടിച്ചെടുത്ത പണം മറ്റ് ഓൺലൈൻ പർച്ചേസുകളിലേക്ക് ഇവർ വിനിയോഗിച്ചു.

പണം നഷ്ടപ്പെട്ടവർ ഫേസ്ബുക്ക് പേജിന്റെ അടിയിൽ കമന്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തട്ടിപ്പിൽ, 262 ദിനാർ നഷ്ടമായെന്ന് ഒരു സ്ത്രീയുടെ പോസ്റ്റുണ്ട്.

തട്ടിപ്പിൽ വീഴാതെ അവസാന നിമിഷം തടിയൂരിയെന്ന് ഇന്തൊനീഷ്യൻ പൗരനായ പീറ്റർ പോൾ സാമേസർ മനോരമ ഓൺലൈനോട് പറഞ്ഞു. തന്റെ ഭാര്യ ഓഫർ കണ്ട് 10 കിലോ ചെമ്മീന് ഓർഡർ ചെയ്തു. എന്നാൽ, പണം നൽകാൻ നേരം ഒടിപിയോടൊപ്പം തന്റെ ഫോണിലേക്ക് വന്ന തുക 165 ദിനാറായിരുന്നു.

ഉടൻ തന്നെ പീറ്റർ പോൾ സാമേസർ ഭാര്യയോട് ഇത്രയും തുകയുടെ പർച്ചേസ് നടത്തിയോ എന്ന് ചോദിച്ചു. 8 ദിനാറിന്റെ ചെമ്മീനാണ് ഓർഡർ ചെയ്തതെന്ന് ഭാര്യ വ്യക്തമാക്കിയതോടെ ലിങ്കിലെ തുടർ നടപടികൾ ഒഴിവാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത് ഉടൻ തന്നെ ബാങ്കിൽ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്തതായും പീറ്റർ പറഞ്ഞു.