രാജ്യം വികസനപാതയിൽ; രാഷ്ട്രപതി പാർലമെന്റിൽ

0
589

ന്യൂഡൽഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക.

പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. നിർമിത ബുദ്ധി (എഐ) മേഖലയിലെ മുന്നേറ്റത്തിനായി ‘ഇന്ത്യ എഐ മിഷൻ’ ആരംഭിച്ചു– രാഷ്ട്രപതി.

സ്റ്റാർട്ടപ്പുകൾ മുതൽ സ്പോർട്സ് വരെ എല്ലാ മേഖലകളിലും നമ്മുടെ യുവത രാജ്യത്തിനു കീർത്തി കൊണ്ടുവരുന്നു. നിർമിത ബുദ്ധി (എഐ), പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ ഇന്ത്യ ലോകത്തിനു വഴികാട്ടുന്നു. 

വനിതകളുടെ ഉന്നമനമാണു സർക്കാരിന്റെ ലക്ഷ്യം. യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ, പൊലീസിൽ, കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ എല്ലാം സ്ത്രീസാന്നിധ്യം വളരെയേറെ വർധിച്ചതിൽ രാജ്യം അഭിമാനിക്കുന്നു– രാഷ്ട്രപതി.

പ്രയാഗ്‌രാജിൽ കുംഭമേള നടക്കുകയാണ്. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉത്സവമാണിത്. ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു വിശ്വാസികളാണു സ്നാനം ചെയ്യാനായി എത്തുന്നത്. മൗനി അമാവാസി ദിനത്തിലുണ്ടായ അപകടത്തിൽ മരിച്ചർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ പ്രാർഥിക്കുന്നു– രാഷ്ട്രപതി.