സഊദിയിൽ ഇനി സാധനങ്ങളുമായി ഡ്രോണുകൾ പറന്നെത്തും, ഡ്രോൺ ഡെലിവറിക്ക് ലൈസൻസ്

0
872

റിയാദ്: സഊദിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കാൻ അമേരിക്കൻ കമ്പനിക്ക് ഔദ്യോഗിക വകുപ്പുകളിൽ നിന്ന് ലൈസൻസ് ലഭിച്ചു. രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന് അനുവദിക്കുന്ന ആദ്യ ലൈസൻസ് ആണിത്. ഈ വർഷം അവസാന പാദത്തിൽ അമേരിക്കൻ കമ്പനി സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കുമെന്നാണ് കരുതുന്നത്.

നഗരങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം വികസിപ്പിച്ച അമേരിക്കൻ കമ്പനിയായ മാറ്റർനെറ്റിന് ആണ് പുതിയ സേവനം ആരംഭിക്കാൻ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഔദ്യോഗികാനുമതി ലഭിച്ചിരിക്കുന്നത്. കമ്പനിക്കു കീഴിലെ എം-2 ഡ്രോണുകൾ ഉപയോഗിച്ചാണ് സൗദിയിൽ ഡെലിവറി സേവനം നൽകുക. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച ഏവിയേഷൻ മാനദണ്ഡങ്ങളുമായി ഈയിനം ഡ്രോണുകൾ പൊരുത്തപ്പെട്ടുപോകുന്നു.

അമേരിക്കയിലെ സിലിക്കൺ വാലിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിച്ച് കഴിഞ്ഞ വർഷമാണ് മാറ്റർനെറ്റ് കമ്പനി ഡെലിവറി മേഖലയിൽ പ്രവർത്തനം തുടങ്ങിയത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറിക്ക് മിഡിൽ ഈസ്റ്റ് ആവേശകരമായ മേഖലയാണെന്ന് മാറ്റർനെറ്റ് കമ്പനി പറഞ്ഞു. സൗദി അറേബ്യ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി ഡ്രോൺ ഡെലിവറി സേവനങ്ങൾക്ക് റിയാദ് സാക്ഷ്യം വഹിക്കും. വേഗതയേറിയതും ചെലവ് കുറഞ്ഞതും ഹാനികരമായ വാതക ബഹിർഗമനങ്ങൾ തീരെ ഇല്ലാത്തതുമായ സേവനമാണ് ഡ്രോൺ ഡെലിവറി സേവനം പ്രദാനം ചെയ്യുന്നതെന്നും കമ്പനി പറഞ്ഞു.