റിയാദ്: മുൻ സഊദി ഭരണാധികാരി ഫഹദ് രാജാവിന്റെ മകൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. 75 വയസായിരുന്നു. കിഴക്കൻ പ്രവിശ്യ മുൻ ഗവർണറായി അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആലുസുഊദ് സേവനം ചെയ്തിട്ടുണ്ട്. മുൻ രാജാവ് ഫഹദ് ബിൻ അബ്ദുൽ അസീസ് ആലുസുഊദ് രാജാവിന്റെ രണ്ടാമത്തെ മകനാണ്.
സഊദി അറേബ്യയ്ക്കകത്തും പുറത്തുമുള്ള വിവിധ മനുഷ്യവികസന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സേവിക്കുന്നതിനായി അദ്ദേഹം വിവിധ സംരംഭങ്ങളും പരിപാടികളും ആരംഭിച്ചിരുന്നു. റിയാദിൽ ജനിച്ച അദ്ദേഹം റിയാദിലെ ക്യാപിറ്റൽ മോഡൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൊതുവിദ്യാഭ്യാസം നേടി. പ്രിൻസ് ജവഹർ ബിൻത് നാഇഫ് ബിൻ അബ്ദുൽ അസീസ് ആണ് ഭാര്യ. പ്രിൻസുമാരായ തുർക്കി, ഖാലിദ്, അബ്ദുൽ അസീസ്, പ്രിൻസസുമാരായ നൗഫ്, നൗറ, മിഷാൽ എന്നിവർ മക്കളാണ്.
സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ശേഷം സർക്കാർ ജോലിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം സ്വകാര്യ മേഖലയിൽ ജോലി ചെയ്തു. നേരത്തെ ആഭ്യന്തര അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സ്ഥാനം വഹിക്കുകയും 1985 മുതൽ 2013 വരെ കിഴക്കൻ പ്രവിശ്യയുടെ ഗവർണർ ആയും സേവനമനുഷ്ഠിച്ചു.
അമീർ മുഹമ്മദ് ബിൻ ഫഹദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ ഡെവലപ്‌മെന്റ് അദ്ദേഹം സ്ഥാപിച്ചു. കിഴക്കൻ പ്രവിശ്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്വകാര്യ സർവകലാശാല സ്ഥാപിക്കുക എന്ന അദ്ദേഹത്തിന്റെ ആശയ പ്രകാരം ആരംഭിക്കുകയും അതിന് എല്ലാ പിന്തുണയും മേൽനോട്ടവും മാർഗ്ഗനിർദ്ദേശവും നൽകുകയും ചെയ്തു. സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്
ബുധനാഴ്ച ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് അസ്വർ നമസ്ക്കാരാനന്തരം രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.
