കോഴിക്കോട്: ‘‘പെട്ടെന്നു വലിയ തിര വന്നു, എല്ലാവരെയും തിരയെടുത്തു, എത്ര നീന്തിയിട്ടും കരയിലേക്കു വരാൻ പറ്റുന്നില്ല.’’– പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വയനാട് സ്വദേശി ജിൻസി പറഞ്ഞു. സുഹൃത്തുക്കളായ 4 വിനോദസഞ്ചാരികളാണു തിരയിൽപ്പെട്ടു മരിച്ചത്. വൈകിട്ട് നാലിനായിരുന്നു അപകടം.
‘‘ഞങ്ങളുടെ സംഘത്തിൽ 26 പേരുണ്ടായിരുന്നു. രണ്ടുമൂന്നു സ്ഥലങ്ങളിൽ പോയി ഉച്ചയായപ്പോഴാണു കടപ്പുറത്ത് എത്തിയത്. വെയിലായതിനാൽ ഭൂരിഭാഗം ആളുകളും വാഹനത്തിൽ തന്നെ ഇരുന്നു. ഞങ്ങൾ 5 പേരാണു കടലിൽ ഇറങ്ങിയത്. സാധാരണ കടലിൽ ഇറങ്ങാറുള്ളതു പോലെ ഇറങ്ങി. കുറച്ചു ദൂരം മാത്രമേ മുന്നോട്ടു പോയുള്ളൂ. കുഴപ്പമൊന്നും തോന്നിയില്ല.
ഒരുമിച്ചാണ് എല്ലാവരും നിന്നത്. പെട്ടെന്നു വലിയ തിര വന്നു. ഞങ്ങളെ കടലിലേക്കു വലിച്ചു കൊണ്ടുപോയി. എത്ര നീന്തിയിട്ടും കരയിലേക്കു തിരിച്ചുവരാൻ പറ്റുന്നില്ലായിരുന്നു. ആഴ്ന്നാഴ്ന്ന്, കടലിൽ മൂടിപ്പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ വിളിക്കുന്നതു ഞാൻ കണ്ടിരുന്നു. എന്റെ ബോധം മറഞ്ഞു. ആരോ വന്നു തലയിൽ പിടിച്ചതു കൊണ്ടാണ് എന്നെ കിട്ടിയത്. ബാക്കിയുള്ളവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല…’’– ആശുപത്രിയിലുള്ള ജിൻസി കരച്ചിലോടെ പറഞ്ഞു. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടവരിൽ ജിൻസിയെ കരയ്ക്കു കയറ്റാനായി. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണു രക്ഷാപ്രവർത്തനം നടത്തിയത്.
‘4 പേർ തിരയിൽ ഒലിച്ചുപോയി; കടലിലെ പാറയിൽ തങ്ങിനിന്ന് മൃതദേഹം
’കോഴിക്കോട്: പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്ത് 4 വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണു മരിച്ചത്. വൈകിട്ട് നാലിനായിരുന്നു അപകടം. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു.
തിരയിൽപെട്ടവരിൽ ജിൻസി അദ്ഭുതകരമായി രക്ഷപ്പെട്ടു കരയിൽ കയറി. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കരയിൽ എത്തിച്ചു. ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണു നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഹരിതഗിരി ഹോട്ടൽ മാനേജർ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണു മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്. 3 പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്. കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു.
ഇവരോട് കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൈകോർത്തു പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.
