ന്യൂഡൽഹി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിനു തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടന്നു. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആയിരുന്നു മുഖ്യാതിഥി.
കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യൻ കരസേനയും അണിനിരന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന്റെ ഭാഗമായി. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കി. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും സംഘവും ആവശമായി പരേഡിൽ അണിനിരന്നു.
അയ്യായിരത്തിലധികം കലാകാരന്മാരാണ് കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിന്റെ ഭാഗമായത്. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ഇന്നലെ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു.
മുഖ്യാതിഥികൾക്കു പുറമെ ക്ഷണിക്കപ്പെട്ട പതിനായിരത്തോളം അതിഥികളാണ് കർത്തവ്യപഥിൽ നടന്ന പരേഡിനു സാക്ഷ്യം വഹിക്കാനെത്തിയത്. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നു 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ഉണ്ടായിരുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെട്ടിരുന്നു.
ഇതിനു പുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ (കൃഷി സഖി, ഉദ്യോഗ് സഖി, മുതലായവ), പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കള്‍ തുടങ്ങിയവരും സർക്കാരിന്റെ അതിഥികളായെത്തി.
വീഡിയോകൾ കാണാം 👇
