ദക്ഷിണ സഊദിയിൽ വൈദ്യുതി മുടങ്ങി, പൂർണ്ണമായി പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടി, ക്ഷമാപണം നടത്തി കമ്പനി

0
1614

റിയാദ്: ദക്ഷിണ സഊദിയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയത് ഏറെ ബുദ്ധിമുട്ടിലാക്കി. ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലാണ് ഇന്ന് അപ്രതീക്ഷിതമായി മുടങ്ങിയ വൈദ്യുതി വിതരണം മുടങ്ങിയത്. യുദ്ധകാലാടിസ്ഥാനത്തിൽ പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കമ്പനിയിലെ സാങ്കേതിക സംഘങ്ങള്‍ ഊര്‍ജിത ശ്രമം തുടരുകയാണെന്നും ചില മേഖലകളിൽ വിതരണം പുനസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി.

വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഉപയോക്താക്കളോട് സഊദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. പ്രശ്നം പരിഹരിച്ചു തുടങ്ങിയതായും, വൈദ്യുതി വിതരണം ക്രമേണ ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. എന്നാൽ ഇപ്പോഴും വിതരണം പൂർണമായു പുനസ്ഥാപിച്ചിട്ടില്ല. എല്ലാ പ്രശ്ന ബാധിത പ്രദേശങ്ങളിലും ക്രമേണ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാങ്കേതിക ടീമുകൾ അഹോരാത്രം തീവ്രമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

വൈദ്യുതി നിലയങ്ങളില്‍ പെട്ടെന്നുണ്ടായ തകരാറാണ് വൈദ്യുതി സ്തംഭനത്തിന് കാരണമായത്. ഇന്ന് വൈകീട്ട് 4.01 ന് ആണ് ദക്ഷിണ സഊദിയില്‍ വൈദ്യുതി വിതരണം സ്തംഭിക്കാന്‍ തുടങ്ങിയതെന്നും സംഭവം അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കിയ സഊദി ഇലക്ട്രിസിറ്റി കമ്പനി പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.