റയലിന്റെ ഗോൾവല നിറച്ച് ബാർസിലോനയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം

0
729

ജിദ്ദ: റയൽ മഡ്രിഡിനെ നിഷ്പ്രഭരാക്കിയ ബാർസിലോനയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. സൂപ്പർ കപ്പ് ഫൈനലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാർസിലോനയുടെ ജയം. 

ബാർസിലോനയുടെ 15 ാം സൂപ്പർ കപ്പ് കിരീടമാണിത്. തുടർച്ചയായ 3–ാം തവണ സൂപ്പർ കപ്പ് ഫൈനൽ കളിച്ച ബാർസയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയൽ മഡ്രിഡ് ആയിരുന്നു എതിരാളികൾ. റയൽ മഡ്രിഡ് 13 തവണ സൂപ്പർ കപ്പ് കിരീടം നേടിയിട്ടുണ്ട്.

മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ഫ്രഞ്ച് താരം കിലിയൻ എംബപെയിലൂടെ റയൽ മുന്നിലെത്തിയെങ്കിലും വൈകാതെ വിശ്വരൂപം പുറത്തെടുത്ത ബാർസ, തുടരെ റയലിന്റെ ഗോൾവല നിറച്ച് ആധിപത്യമുറപ്പിച്ചു. 22 ാം മിനിറ്റിൽ ലമീൻ യമാലിലൂടെയാണ് ബാർസ സമനില ഗോൾ നേടിയത്. പിന്നാലെ എ‍ഡ്വേഡോ കമവിൻഗയുടെ പിഴവിൽ 36 ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഗോളാക്കിയതോടെ ബാർസ മുന്നിലെത്തി. 39 ാം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർതാരം റാഫീഞ്ഞ ബാർസയുടെ ലീഡുയർത്തി.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, അലഹാന്ദ്രോ ബാൾഡെ വീണ്ടും റയലിന്റെ ഗോൾവല ചലിപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ റാഫീഞ്ഞ (48 ാം മിനിറ്റ്) വീണ്ടും പന്ത് റയലിന്റെ വലയിലെത്തിച്ചു. 56 ാം മിനിറ്റിൽ ഗോൾകീപ്പർ വോയ്ചെക് ഷെസ്നി ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ബാർസ പത്തു പേരായി ചുരുങ്ങി. 60 ാം മിനിറ്റിൽ റോഡ്രിഗോയിലൂടെയായിരുന്നു റയലിന്റെ രണ്ടാം ഗോൾ.