വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നാല് മൃതദേഹങ്ങള്‍; രണ്ടുപേരെ തിരിച്ചറിഞ്ഞു

0
1860

മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയില്‍ വീടിന്‍റെ സെപ്റ്റിക് ടാങ്കിനുള്ളിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള ബാർഗവൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടിന്‍റെ വളപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസെത്തി പരിശോധന നടത്തിയത്.

മരിച്ച നാലുപേരില്‍ രണ്ടുപേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളു. വീട്ടുടമസ്ഥനായ ഹരി പ്രസാദ് പ്രജാപതിയുടെ മകൻ 30 കാരനായ സുരേഷ് പ്രജാപതി, സുരേഷിന്‍റെ സുഹൃത്ത് കരൺ ഹൽവായി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ജനുവരി ഒന്നിന് ന്യൂയര്‍ ആഘോഷത്തിനായാണ് ഇരുവരും വീട്ടിലെത്തിയതെന്നാണ് പൊലീസ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. വീട്ടുവളപ്പിൽവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുയാണെന്ന് പൊലീസ് അറിയിച്ചു.

2024 സെപ്റ്റംബറിൽ ഭോപ്പാലിലെ ബഹുനില കെട്ടിടത്തിൽ വാട്ടർ ടാങ്കിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ അഞ്ചുവയസുകാരിക്കുള്ള തിരച്ചിലാണ് നഗരത്തിലെ‍ പൂട്ടിക്കിടന്ന അപ്പാർട്ട്മെന്‍റിലെത്തിയത്. 100 പോലീസുകാരും ഡ്രോണുകളും മുങ്ങൽ വിദഗ്ധരും ഉള്‍പ്പെടെയുള്ള സംഘമായിരുന്നു പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. അപ്പാർട്ട്‌മെൻ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസെത്തി അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്.