മുംബൈ: മൂത്ത സഹോദരിക്ക് കൂടുതൽ സ്‌നേഹം ലഭിക്കുന്നതിൽ അസൂയപ്പെട്ട് ഇളയമകൾ പ്രായമായ അമ്മയെ കുത്തിക്കൊന്നു. രേഷ്മ മുസാഫർ ഖാസി എന്ന 41-കാരിയാണ് 71-കാരിയായ അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ കുത്തികൊലപ്പെടുത്തിയത്. കുർളയിലെ ഖുറേഷി നഗറിൽ വ്യാഴാഴ്ച് രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൊലയ്ക്കുശേഷം പൊലീസ് സ്റ്റേഷനിലെത്തി രേഷ്മ കുറ്റസമ്മതം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂർച്ചയുള്ള ആയുധം കൊണ്ട് വയറ്റിലും നെഞ്ചിലും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തുകയായിരുന്നു.
മൂത്ത മകളോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്ന് രേഷ്മ വിശ്വസിച്ചിരുന്നു. ഇത് അമ്മയോടുള്ള പകയ്ക്ക് കാരണമാവുകയായിരുന്നു. മകനോടൊപ്പം മുമ്പ്രയിൽ താമസിച്ചിരുന്ന സാബിറ വ്യാഴാഴ്‌ചയാണ് രേഷ്മയുടെ വീട്ടിൽ എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും രേഷ്മ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രേഷ്മ ചുനഭട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി അമ്മയുടെ മരണം സ്ഥിരീകരിച്ചു.
രേഷ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിന് പൊലീസ് കുടുംബാംഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ രേഷ്മയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
