VFS ൽ വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക! BlueDart പിടിച്ചുപറിക്കുന്നു, പ്രവാസി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നു

0
4584

കോഴിക്കോട്: VFS ൽ വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവരെ BlueDart സർവീസ് കേന്ദ്രം പിടിച്ചുപറിക്കുന്നുവെന്ന് പരാതി. സ്റ്റാമ്പ് ചെയ്ത വിസ ലഭിക്കാൻ പ്രവാസി കുടുംബങ്ങളെ ഭീഷണി പെടുത്തി പണം  പിടുങ്ങുന്നുവെന്നാണ് പരാതി. പ്രവാസികൂടിയായ റഊഫ് മേലത്ത് ആണ് VFS – BlueDart പിടിച്ചു പറി വ്യക്തമാക്കി രംഗത്തെത്തിയത്. വിസ സ്റ്റാമ്പ് ചെയ്യാൻ പോകുന്ന പ്രവാസികളും കുടുംബങ്ങളും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം പറ്റിക്കപ്പെടലുകളിൽ നിന്ന് രക്ഷപ്പെടാനാകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തിൽ നോർക്കയുടെ മൗനം മനപൂർവ്വമോ? എന്ന ചോദ്യവും ഇദ്ദേഹം ഉയർത്തുന്നുണ്ട്. VFS – BlueDart പിടിച്ചുപറി കരാർ എന്ന് തുടങ്ങുന്ന പോസ്റ്റിൽ പ്രവാസി കുടുംബങ്ങളെ ഭീഷണി പെടുത്തി ഇവർ പണം  പിടുങ്ങുന്നുവെന്നും അനുഭവത്തിൽ ഇദ്ദേഹം പറയുന്നു. നിലവിൽ സഊദിയിൽ പ്രവാസിയായ ഇദ്ദേഹം പ്രവാസി മാധ്യമപ്രവർത്തകൻ കൂടിയാണ്. .റഊഫ് മേലത്ത് പങ്ക് വെച്ച കുറിപ്പ് വായിക്കാം👇

VFS – BlueDart പിടിച്ചുപറി കരാർ…
പ്രവാസി കുടുംബങ്ങളെ ഭീഷണി പെടുത്തി ഇവർ പണം  പിടുങ്ങുന്നു..

നോർക്കയുടെ മൗനം മനപൂർവ്വമോ??

ഒരാഴ്ച്ച മുമ്പാണ്  കുടുംബത്തിന്റെ വിസിറ്റ് വിസ സ്റ്റാമ്പിങ്ങിനായി VFS ഓഫീസിൽ കൊടുത്തത്..  വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട് കൊറിയർ അയക്കണമോ എന്ന അവരുടെ സ്നേഹപൂർവ്വമുള്ള ചോദ്യത്തിന് അതേ എന്ന് ഉത്തരം പറഞ്ഞു പോയി..
പാസ്പോർട്ട് ഒന്നിന് 607 രൂപയും 18% ടാക്‌സും ചേർത്ത് 4 പാസ്പോർട്ടിനു 2865 രൂപ ഈടാക്കി..

ഇത് വരെയുള്ളത്… ന്യായമായ പറ്റിക്കൽ..  കൊറിയർ വേണ്ടാ എന്ന് പറയാനുള്ള ഓപ്ഷൻ ഉണ്ടായിട്ടും അവരുടെ സ്നേഹപൂർവ്വമായുള്ള “സൽക്കാരത്തിൽ” വീണത് വീട്ടുകാരുടെ തെറ്റ്..

തട്ടിപ്പിന്റെ  കഥ തുടങ്ങുന്നത്  കഴിഞ്ഞ ദിവസമാണ്.. 

BlueDart ഓഫിസിൽ നിന്ന് ഒരു “മാന്യൻ” വീട്ടുകാരെ വിളിച്ചു പാസ്പോർട്ട് അവരുടെ ഒഫീസിൽ വന്ന് വാങ്ങാൻ ആവശ്യപ്പെടുന്നു..  നിങ്ങൾ വീട്ടിൽ എത്തിച്ചു നൽകില്ലേ എന്ന് ചോദിച്ചപ്പോൾ ആ ദേഹത്തിന്റെ ഭാഷയും രീതിയും മാറി.. അവിടേക്ക് ഒന്നും സർവീസ് ഇല്ലെന്നും ഇവിടെ വന്ന് വാങ്ങിയില്ലങ്കിൽ തിരിച്ചയക്കും എന്നാണ് ഭീഷണി. വൈകിട്ട് 5:50 ന് വിളിച്ച അയാൾക്ക് 10 മിനുട്ട് കൊണ്ട് മറുപടി കൊടുക്കണം എന്നുമാണ് ആവശ്യം. വിവരം എന്നെ അറിയിച്ചപ്പോൾ തിരിച്ചയക്കാൻ പറഞ്ഞു.. അന്നേരം ദേ അടുത്ത ഭീഷണി.  തിരിച്ചയച്ചാൽ  വിസ ക്യാൻസൽ ആകുമെന്നും ചെലവായ മുഴുവൻ തുകയും നഷ്ടമാകുമെന്നുമാണ്  പുതിയ ഭീഷണി.

തട്ടിപ്പിന്റെ രണ്ടാം ഭാഗം..

പാസ്പോർട്ട് എത്തിയ വിവരം അറിയിച്ചു വിളിച്ച നമ്പറിലേക്ക് സൗദിയിൽ നിന്ന് വിളിച്ചു.. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ആണ് ഭീഷണിയുടെ ഗുട്ടൻസ് മനസ്സിലാവുന്നത്.
Blue Dart ഓഫീസിൽ എത്തിയ പാസ്പോർട്ട് അവിടെ ചെന്ന് വാങ്ങിയില്ലങ്കിൽ 20 ദിവസം വരെ ഉപഭോക്താവിനെ കണ്ടെത്തിയില്ല എന്ന കാരണം പറഞ്ഞു അവർക്ക് അത് ഹോൾഡ് ചെയ്ത് വെക്കാം..  സ്വാഭാവികമായും വിസ സ്റ്റാമ്പ് ചെയ്ത് സ്ഥിതിക്ക് എത്രയും പെട്ടെന്ന് കുടുംബത്തെ കൊണ്ട് വരാൻ ആയിരിക്കുമല്ലോ ഏതൊരു പ്രവാസിയും ആഗ്രഹിക്കുക.. അപ്പോൾ   ഒരു ഉടക്കിനും പോകാതെ    പെട്ടന്ന് പാസ്പോർട്ട് കൈപ്പറ്റാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുക.. നാട്ടിലെ നിയമ വ്യവസ്ഥയെ കുറിച്ചും അവന്റെ കുറച്ച് പൈസ പോവട്ടെ എന്ന  പ്രവാസികളോടുള്ള മനോഭാവത്തെ കുറിച്ചും നല്ല ബോധ്യമുള്ള ആരും ഒരു പരീക്ഷണത്തിനും നിൽക്കില്ല ല്ലോ..
മാത്രമല്ല.. വിസ റദ്ദാകും , പൈസ പോകും എന്നൊക്കെ പറഞ്ഞാൽ ആരാണ് പേടിക്കാതിരിക്കുക.. ഒരു കൊറിയർ സർവീസ് കാരന് വിസ റദ്ദാക്കാൻ കഴിയുമോ എന്ന ചോദ്യമൊന്നും ചോദിക്കാനുള്ള ഒരു മാൻസികാവസ്ഥയും ആർക്കും ഉണ്ടാവില്ല..

ഇനി തിരിച്ചയക്കാൻ തീരുമാനിച്ചാലോ..

അവിടെയാണ് അടുത്ത തട്ടിപ്പ്… ഇവിടെയാണ് VFS ന്റെ പങ്കും സംശയകരമാവുന്നത്..  കോഴിക്കോട് ഓഫീസിൽ കൊടുത്ത അപേക്ഷകൾ , കൊറിയർ സർവീസ് വേണ്ടാ എന്ന് പറഞ്ഞാൽ  സൗജന്യമായി അവിടെ നിന്ന് കൈപറ്റാം. എന്നാൽ കൊറിയർ സർവീസ് ആവശ്യമാണെന്ന് പറഞ്ഞാൽ.. മുകളിൽ പറഞ്ഞ തുക കൊടുക്കണം. അതും എത്ര എണ്ണം ഉണ്ടോ അത്രയും എണ്ണാത്തിന് ടാക്‌സ് അടക്കം.
ഇതൊട് കൂടെ കോഴിക്കോട് VFS ന്റെ റോൾ കഴിഞ്ഞു.. മുംബൈയിൽ നിന്നാണ്  പാസ്പോർട്ട് അയക്കുക.. നിങ്ങൾ വേണ്ടാ എന്ന് പറഞ്ഞാൽ അവർ പാസ്പോർട്ട് മുംബൈയിലേക്ക് ആണ് തിരികെ അയക്കുക. അങ്ങിനെ ആയാൽ പിന്നെ..  മുംബൈ പോയി വാങ്ങണം… 

വിസയുടെ ആവശ്യക്കാർ നമ്മൾ ആണെല്ലോ… ആ നിലക്ക്, മച്ചുനിയൻ Yoosuf Kadalundi  സഹോദരന്റെ മകൻ Jaseem Muhammed M  മായി കോർഡിനേറ്റ് ചെയ്ത് പാസ്പോർട്ട് വാങ്ങാൻ തീരുമാനിച്ചു..
ചെല്ലാമെന്ന് പറഞ്ഞിട്ടും അടുത്ത ദിവസവും വിളി വന്നു..    അന്നേരവും ചീത്ത പറച്ചിൽ ആണ് മുഖ്യം..  ഭീഷണിയും കൂടെ.. പാസ്പോർട്ട് വാങ്ങാൻ വരുമോ ഇല്ലയോ ഒന്നും കൂടെ ഉറപ്പിക്കാൻ ആണ് ആ വിളി..  തലേ ദിവസം വിവരങ്ങൾ അറിയാൻ അങ്ങോട്ട് വിളിച്ചതിൽ ഉള്ള കലിപ്പ് .. ആ വിളിയിൽ ഉണ്ടായിരുന്നു..

അവസാനം.. VFS ഓഫീസ് ഉള്ളതിനേക്കാൾ 5 ൽ കൂടുതൽ കിലോമീറ്റർ അധികം പോയി പാസ്പോർട്ട് കൈപ്പറ്റി.. അഥവാ കൊറിയർ സർവീസ് വേണ്ടാ എന്നു പറഞ്ഞിരുന്നങ്കിൽ 2800 രൂപ ലാഭിക്കാമായിരുന്നു.. ടെൻഷനും അടിക്കേണ്ട..  ബൈപ്പാസിൽ എപ്പോഴും എത്തിപെടാൻ സൗകര്യമുള്ള സ്ഥലത്തും ആയിരുന്നു… ത് പ്പോ…നല്ല പൈസ കൊടുത്ത് കടിക്കുന്ന നായയെ വാങ്ങിയ അവസ്ഥ..

മുമ്പ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ, പാസ്പോർട്ട് ന്റെ കവർ വിൽക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു..  അത് പക്ഷെ വാങ്ങിയാൽ ഉപകാരമുള്ള ഒന്നായിരുന്നു..  ഇത്…പച്ചക്ക് പിടിച്ചു പറിയാണ്. 

ഒന്നിച്ച് അപേക്ഷിച്ച 4 പാസ്‌പോർട്ടുകൾ  നാലു കവറുകളിൽ ഇട്ട് അയച്ചു എന്ന് പറഞ്ഞു നാലിനും വ്യത്യസ്ത ചാർജ്ജ് വാങ്ങുന്നതിൽ തുടങ്ങുന്നു ഈ പിടിച്ചു പറി.  മുംബൈയിൽ നിന്ന് മറ്റുള്ള പാസ്‌പോർട്ടുകൾ എല്ലാം VFS ഓഫീസിലേക്ക്‌ അയച്ചു സൗജന്യമായി കൈപ്പറ്റാൻ സൗകര്യം ഉള്ളപ്പോൾ, മെച്ചപ്പെട്ട സൗകര്യം പരിഗണിച്ചു കൊറിയർ സംവിധാനം തിരഞ്ഞെടുത്തവരെ എന്ത് നിലക്കാണ് ഇങ്ങനെ പ്രയാസപെടുത്തുന്നത്??
നാട്ടിൽ വേറെ കൊറിയർ സർവീസ് ഒന്നും ഇല്ലേ. ഇന്ത്യ സർക്കാറിന്റെ പോസ്റ്റൽ സംവിധാനം  കുറ്റമറ്റ രീതിയിൽ സേവനം ചെയ്യുന്നുണ്ട് എന്നാണ് അറിവ്. എന്ത് കൊണ്ട് ഇത് ഉപയോഗപ്പെടുത്തുന്നില്ല.. ??

പ്രവാസിയുടെ വീട്ടിലേക്ക് വിളിച്ചു, ഭീഷണി പെടുത്തിയാലൂം അവരെ കൊള്ളയടിച്ചാലും ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല എന്ന ധൈര്യമാണ്  ഇവർക്ക്.. 

നോർക്ക പോലുള്ള സംവിധനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ ഏറ്റെടുത്ത് സേവനം ചെയ്യുന്നതിൽ എന്താണ് തടസ്സം? നല്ല ലാഭം ലഭിക്കുന്ന റിക്രൂട്ടിങ്ങും സർട്ടിഫിക്കറ്റ് അറ്റസേഷനും നടത്തുന്ന നോർക്കക്ക് അത്രയൊന്നും ലാഭമുണ്ടാകില്ലങ്കിലും ഇതൊക്കെ ഒന്ന് ഏറ്റെടുക്കുന്നതിൽ എന്താണ് പ്രയാസം??  നോർക്ക എന്ന സംവിധാനം നില നിൽക്കുന്നത് തന്നെ പ്രവാസിയുടെ പ്രയാസങ്ങൾ പരിഹരിക്കാൻ എന്നാണെല്ലോ..

എല്ലാം ഓരോ പ്രതീക്ഷ..

ഫേസ്ബുക്ക് ലിങ്ക്

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക