എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല… എന്റെ ജനങ്ങൾക്ക് എന്നെ ആവശ്യമുണ്ട്; ഡോ.ഹുസാം അബൂ സഫിയയുടെ അവസാന ഫോട്ടോ പുറത്ത്

0
1296

വൈറ്റ് കോട്ടിട്ട് തകർന്നടിഞ്ഞ കെട്ടിടാവാശിഷ്‌ടങ്ങൾക്കിടയിലൂടെ തല ഉയർത്തിപ്പിടിച്ചിച്ച് നടക്കുകയാണ് ഒരു മനുഷ്യൻ.. 51കാരനായ ഒരു ഡോക്‌ടർ ആണ് അദ്ദേഹം. എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല… എന്റെ ജനങ്ങൾക്ക് എന്നെ ആവശ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹം നടന്നടുക്കുന്നത് ഇസ്രായേലിന്റെ ടാങ്കറുകൾ വളഞ്ഞ ഒരു പ്രദേശത്തേക്കാണ്.

വടക്കൻ ഗസ്സയിലെ അവസാനത്തെ ആശുപത്രിയായ കമാൽ അദ്‌വാൻ ആശുപത്രിയുടെ ജനറൽ ഡയറക്‌ടറും ശിശുരോഗ വിദഗ്‌ധനുമായ ഡോ. ഹുസാം അബൂ സഫിയയുടെ അവസാനത്തെ ഫോട്ടോ പുറത്തുവന്നിരിക്കുന്നു. ഇസ്രായേൽ തടവിലാക്കുന്നതിന് മുൻപ് ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം… ഇസ്രായേൽ സൈന്യം കമാൽ അദ്‌വാന്റെ മതിലുകൾ തകർത്ത് മുന്നോട്ട് വന്നപ്പോഴും വിരൽ ചൂണ്ടി ഹുസാം അബൂ സഫിയ പറഞ്ഞു ‘ഞാൻ എന്റെ ആശുപത്രി വിടില്ല’.

ഒളിച്ചോടുകയോ കീഴ്പ്പെടുകയോ ചെയ്തില്ല. ആ ചിത്രത്തിലേക്ക് നോക്കൂ, അദ്ദേഹം ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല.. തെല്ലും ഭയമില്ലാതെ അതിലേക്ക് നടന്നടുക്കുകയാണ്. ടാങ്കറുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഇസ്രായേൽ സൈന്യത്തിന് നേരെ തന്റെ വൈറ്റ് കോട്ടുമിട്ട് നടന്നുനീങ്ങുന്ന അദ്ദേഹം കൊല്ലപ്പെട്ടവരും പോരാടുന്നവരുമായ നിരവധി ഫലസ്‌തീനികളുടെ പ്രതിനിധിയാണ്.

‘ഒരിക്കലും ഓടിപ്പോകില്ല, എന്റെ ജനങ്ങൾക്കൊപ്പം ഞാനുണ്ടാകും, ഗസ്സ ഞങ്ങളുടെ മാതൃഭൂമിയാണ്, ഞങ്ങളുടെ മാതാവാണ്.. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതും എല്ലാമെല്ലാമാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും പോലെ ഗസ്സയിലെ ജനങ്ങൾക്കും സ്വാതന്ത്ര്യം വേണം. ഇവിടെ ഈ ആശുപത്രിയിൽ തുടരുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നറിയാം… എങ്കിലും അവസാനം വരെയും ഇവിടം വിട്ടുപോകില്ല’- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഡോ. ഹുസാം പറയുന്നത് ഇങ്ങനെ.

അബു ഏലിയാസ് എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. 1973 നവംബർ 21 ന് വടക്കൻ ഗാസ മുനമ്പിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ജനിച്ചു. 1948ൽ അഷ്‌കെലോൺ ജില്ലയിലെ ഫലസ്‌തീൻ പട്ടണമായ ഹമാമയിൽ നിന്ന് കുടിയിറക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ കുടുംബം. പീഡിയാട്രിക്സിലും നിയോനറ്റോളജിയിലും ബിരുദാനന്തര ബിരുദവും പലസ്തീൻ ബോർഡ് സർട്ടിഫിക്കേഷനും അദ്ദേഹം നേടിയിട്ടുണ്ട്.

ഒക്‌ടോബർ 5ന് വടക്കൻ ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം വിനാശകരമായ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കമാൽ അദ്‌വാൻ ആശുപത്രി ഒഴിയണമെന്ന് നിരവധി തവണ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കമാൽ അദ്‌വാൻ ഒഴിയാൻ ഹുസാം അബൂ സഫിയ കൂട്ടാക്കിയില്ല. വ്യോമാക്രമണം നടത്തുന്നതിനിടെ പ്രദേശത്തെ ഫലസ്തീനികൾക്കുള്ള ഭക്ഷണവും വെള്ളവും ഇസ്രായേൽ നിർത്തലാക്കിയിരുന്നു. ഷെല്ലാക്രമണം നടത്തി നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കി.

മേഖലയിലെ ആശുപത്രികളെയും ഉപരോധം വിനാശകരമായി ബാധിച്ചു.ഒക്‌ടോബർ അവസാനം ഇസ്രായേൽ സൈന്യം ആശുപത്രിയിലേക്ക് ഇരച്ചുകയറുകയും 44 ജീവനക്കാരെ തടവിലാക്കുകയും ചെയ്‌തു. ഇക്കൂട്ടത്തിൽ അബൂ സഫിയയെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അന്ന് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അദ്ദേഹത്തിന്റെ 21കാരനായ മകൻ ഇബ്രാഹിമിനെ ആശുപത്രി ഗേറ്റിൽ കൊലപ്പെടുത്തി. ആശുപത്രി വിടാൻ വിസമ്മതിച്ചതിന് ശിക്ഷയായി മകനെ കൊലപ്പെടുത്തിയെന്നായിരുന്നു അബൂ സഫിയയുടെ പ്രതികരണം. ആശുപത്രി വളപ്പിലെ താത്കാലിക ശ്മാശാനത്തിൽ മകനെ ഖബറടക്കുകയും ചെയ്തു.