സഊദിയിൽ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഇന്ത്യക്കാരന് പിഴയും നാടുകടത്തലും ശിക്ഷ

0
1811

റിയാദ്: ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഇന്ത്യക്കാരന് പിഴയും നാടുകടത്തലും. സൗദി പൗരന്റെ ഒത്താശയോടെ മദീർ ഖാൻ സ്വന്തമായി ഫർണിച്ചർ ബിസിനസ് സ്ഥാപനം നടത്തുകയായിരുന്നു. വിദേശ നിക്ഷേപക ലൈസൻസ് നേടാതെ അൽഹസയിൽ ഫർണിച്ചർ ബിസിനസ് സ്ഥാപനം നടത്തിയ മദീർ ഖാനെ അൽഹസ ക്രിമിനൽ കോടതിയാണ് ശിക്ഷിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

നിയമ ലംഘകന് പിഴ ചുമത്തിയ കോടതി, സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനും റദ്ദാക്കാനും വിധിച്ചു. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കാനും കോടതി ഉത്തരവിട്ടു. മദീർ ഖാനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനനാന്ത വിലക്കേർപ്പെടുത്താനും വിധിയുണ്ട്. ഇന്ത്യക്കാരന്റെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകൻ്റെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

അൽഹസയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ സ്ഥാപനം ഇന്ത്യക്കാരൻ ബിനാമിയായി സ്വന്തം നിലക്ക് നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു.

തുടർന്ന് മദീർ ഖാനെതിരായ കേസ് വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കും. അനധികൃത രീതിയിൽ സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടാനും ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.