വസ്ത്രം അഴിപ്പിച്ച് 12 മണിക്കൂർ തണുപ്പിൽ; രോഗികളെ മർദിച്ചു, മുഖത്ത് തുപ്പി: സർജറി വിഭാഗത്തിന് തീയിട്ട് ഇസ്റാഈൽ സൈന്യം

0
1245

ഗസ്സയിലെ അവസാന ആശുപത്രിയും ഇല്ലാതാക്കി, ബോംബിട്ട് തകര്‍ത്ത് തീയിട്ടു; രോഗികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി

ഗസ്സ: ഗസ്സയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍ ഇസ്റാഈൽ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തന്നെ തണുപ്പത്ത് നിര്‍ത്തിയെന്ന് നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത്. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുറിവേറ്റ രോഗികളെ സൈന്യം മര്‍ദിച്ചു. സര്‍ജറി വിഭാഗത്തിന് തീയിട്ടു. ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിച്ച ശേഷം എല്ലാവരേയും അല്‍ ഫരീഖ് സ്‌ക്വയറിലേക്ക് കൊണ്ടുപോയി. ഈ കൂട്ടത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസാം അബൂസാഫിയും ഉണ്ടായിരുന്നു. കൊടും തണുപ്പിലൂടെ രണ്ടു മണിക്കൂറോളം നടത്തിയാണ് രോഗികള്‍ അടക്കമുള്ളവരെ അല്‍ ഫരീഖ് സ്‌ക്വയറില്‍ എത്തിച്ചത്. നിസഹായരായവരുടെ മുഖത്ത് ഇസ്റാഈൽ സൈന്യം തുപ്പി. കണ്ണു മൂടി കെട്ടിയിട്ടതായും കമാല്‍ അദ്‌വാനിലെ ജീവനക്കാരി ഷൊറൂഖ് അല്‍ റന്‍തീസി പറഞ്ഞു. 

നെഞ്ചിലും പിന്നിലും നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് തടവിലാക്കിയവരെ സൈന്യം വിട്ടയച്ചത്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുമാസത്തോളമായി തുടരുന്ന കനത്ത ആക്രമണത്തില്‍ വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയാണ് തകര്‍ത്തത്. കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ ഇവിടെ നിരവധിപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആശുപത്രിയുടെ ശിശുരോഗ വിദഗ്ധന്‍ അടക്കം അഞ്ചു ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു.

തുടര്‍ച്ചയായ ഇസ്‌റാഈല്‍ ആക്രമണംമൂലം രോഗിപരിചരണ സംവിധാനം ഏറെക്കുറേ താറുമാറായ ആശുപത്രിയായ  കമാല്‍ അദ്‌വാന്‍, ഗസ്സയില്‍ ശേഷിച്ച അവസാന ആതുരസേവന കേന്ദ്രമായിരുന്നു. ഇതാണ് തകര്‍ത്തത്. ബോംബിട്ട് ഭാഗികമായി തകര്‍ത്ത ശേഷം തീയിടുകയും ചെയ്തു. ഇതിനുള്ളിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും സയണിസ്റ്റുകള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.

ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ രോഗികളോടും ഡോക്ടര്‍മാരോടും സൈന്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹമാസ് ഒളിത്താവളമാക്കുന്നുവെന്ന് ആരോപിച്ചാണ് ഗസ്സയിലെ ആശുപത്രികളെല്ലാം ഇസ്‌റാഈല്‍ തകര്‍ത്തത്. എന്നാല്‍, ഹമാസുകാരെ ആശുപത്രികളില്‍ നിന്ന് കണ്ടെത്താന്‍ കഴിയാറില്ല. ഇത്തവണയും സമാന ആരോപണമാണ് ഇസ്‌റാഈല്‍ ഉന്നയിക്കുന്നത്.

കനത്ത ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നതിനാല്‍ ആശുപത്രി ഇപ്പോള്‍ ഭാഗികമായാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഈ പ്രദേശം ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ ആശുപത്രിയിലേക്ക് ആഴ്ചകളായി മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കാനാകുന്നില്ല.

2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 45,399 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 17,492 കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കിന് പേരെ കൂടി ഉള്‍പ്പെടുത്തുന്നതോടെ മരണസംഖ്യ ഇനിയും കൂടും. ഇത്തരത്തില്‍ 11,160 പേരെയാണ് കാണാതായത്. 107,940 പേര്‍ക്ക് പരുക്കേറ്റു.

ഇതോടൊപ്പം ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റും തുടരുകയാണ്. ഇന്നലെ ഖാസിം മുഹമ്മദ് ബദിര്‍ എന്ന യുവാവിനെ പിടികൂടി കൊണ്ടുപോയി. ആക്രമണം തുടങ്ങിയ ശേഷം 15,000 ലേറെ ഫലസ്തീനികളെയാണ് അധിനിവേശ സൈന്യം ഇത്തരത്തില്‍ നിയമവിരുദ്ധമായി പിടികൂടിയത്.

വ്യാഴാഴ്ച ആശുപത്രിയില്‍ സൈന്യം കയറി ഡോക്ടര്‍മാരെയും മറ്റും പുറത്താക്കി. വടക്കന്‍ ഗസ്സയിലെ നിലവിലുള്ള ഏക ആശുപത്രിയായ കമാല്‍ അദ്‌വാനു നേരെ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. 350 പേരെ ആശുപത്രിയില്‍ നിന്ന് സൈന്യം ഒഴിപ്പിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം ഡയരക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് ആളുകളെ വിവസ്ത്രരാക്കി പുറത്തേക്ക് നടത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ഫലസ്തീനിലെ ആശുപത്രികള്‍ സംരക്ഷിക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക