മൂന്നാം വർഷവും യുദ്ധമുഖത്താണ് യുക്രെയ്‌ന്‍ ക്രിസ്മസിനെ വരവേറ്റത്. 70 ഓളം മിസൈലുകളും 100-ലധികം ഡ്രോണുകളുമാണ് യുക്രെയ്നിലേക്ക് ക്രിസ്മസ് ദിനത്തില്‍ റഷ്യ പ്രയോഗിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മനുഷ്യത്വരഹിതമായ ആക്രമണമാണ് നടന്നത് എന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ പ്രതികരണം.
“ആക്രമണത്തിനായി പുടിൻ മനഃപൂർവം ക്രിസ്മസ് ദിനം തെരഞ്ഞെടുത്തു. ഇതിലും മനുഷ്യത്വരഹിതമായി മറ്റെന്താണ്? ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ 70-ലധികം മിസൈലുകളും നൂറിലധികം ഡ്രോണുകളും ഉപയോഗിച്ചു. നമ്മുടെ ഊർജ മേഖലയാണ് ലക്ഷ്യം. യുക്രെയ്‌നിൽ ഒരു ബ്ലാക്ക്ഔട്ടിനായി അവർ പോരാടുന്നത് തുടരുകയാണ്. പ്രാഥമിക ഡാറ്റ അനുസരിച്ച്, ഞങ്ങളുടെ പ്രതിരോധ വിഭാഗത്തിന് 50-ലധികം മിസൈലുകളും ഡ്രോണുകളില്‍ ഭൂരിഭാഗവും വെടിവെച്ചിടാന്‍ കഴിഞ്ഞു.
നിർഭാഗ്യവശാൽ, നിലവിൽ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പവർ എൻജിനീയർമാർ. നിലവിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന, യുദ്ധ ഡ്യൂട്ടിയിലുള്ള, നമ്മുടെ ആകാശത്തെ സംരക്ഷിക്കുന്ന എല്ലാവർക്കും നന്ദി. നമുക്ക് പരമാവധി സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാം. റഷ്യൻ തിന്മക്ക് യുക്രെയ്നെ തകർക്കാനാകില്ല, ക്രിസ്മസിനെ ദുഷിപ്പിക്കാനാകില്ല” – സെലന്‍സ്കി എക്സില്‍ കുറിച്ചു.
