ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച കേസ്: രണ്ട് പേർകൂടി പിടിയിൽ

0
1426

വയനാട്ടിൽ ആദിവാസി യുവാവിനെ ക്രൂരമായി കാറിൽ വലിച്ചിഴച്ച സംഭവത്തിലെ മറ്റ് രണ്ട് പ്രതികൾ കൂടി പൊലീസിന്റെ പിടിയിലായി. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി ഉൾപ്പടെ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്‍തത്. കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് അർഷിദ്. സംഭവത്തിനു ശേഷം മൈസൂരിലേക്ക് പോയ പ്രതികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങവേ ബസിൽ നിന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച KL 52 H 8733 എന്ന നമ്പറിലുള്ള കാർ കണിയാമ്പറ്റയിലെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുറ്റിപ്പുറം സ്വദേശിയാണ് കാറിൻ്റെ ആര്‍സി ഉടമയെന്ന് രേഖകളില്‍ നിന്നും വ്യക്തമായെങ്കിലും കാർ നേരത്തേ വിറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ കണിയാമ്പറ്റ സ്വദേശിയായ അർഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുളിക്കാൻ എന്ന് പറഞ്ഞ് വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്നാണ് കാറിൻ്റെ നിലവിലെ ഉടമയായ ബന്ധു പൊലീസിന് നൽകിയ മൊഴി.