മലപ്പുറം: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഇന്ത്യയിൽ പറയുന്ന അതേ ആരോപണങ്ങളാണ് പി. മോഹനൻ കേരളത്തിൽ പറയുന്നതെന്നും അദ്ദേഹം യഥാർഥത്തിൽ കേരളത്തിലെ മോഹൻ ഭഗവതാണോ എന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഇരുവരുടെയും പേരും സ്വഭാവവും വർഗീയപ്രചാരണവും സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് ശാഖ നടത്തുമ്പോൾ ഉണ്ടാകാത്ത പ്രശ്‌നമാണ് മെക് 7 വ്യായാമം നടത്തുമ്പോൾ സി.പി.എം ഉന്നയിക്കുന്നത്. ഇതിൽ വർഗീയ ചാപ്പ കുത്താൻ സി.പി.എമ്മിന് എന്ത് കാര്യമാണുള്ളത്? -മെക് 7ന് പിന്തുണ അർപ്പിച്ച് ചേളാരി യൂണിറ്റിൽ നടന്ന വ്യായാമ കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ട് അബിൻ വർക്കി ചോദിച്ചു.
‘ടി.പി. ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച് കൈരളി ടി.വിയിലൂടെ വർഗീയ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നിൽ മോഹനൻ മാസ്റ്റർ തന്നെയാണ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് സി.പി.എം നേതാവിലേക്കാണ്.
കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ അന്വേഷിച്ച് ചെന്നാൽ പി.മോഹനന്റെ വീട്ടിലെ കട്ടിലിന്റെ അടിയിൽ എത്തും. മെക് സെവനെതിരെ ആദ്യമായി വർഗീയ ചാപ്പ കുത്തുന്നതും ഇതേ പി. മോഹനനാണ്. മലബാറിൽ മുസ്‍ലിം -ഹിന്ദു വർഗീയത ഉണ്ടാക്കുന്ന മനുഷ്യനായി പി. മോഹനൻ അധപതിച്ചു. അതിന് സി.പി.എം കുടപിടിക്കുകയാണ്. ആർ.എസ്.എസിന് ഒരു മുഴം മുന്നേ വർഗീയത പറയാനാണ് സി.പി.എം ശ്രമം. പി. മോഹനനും കുടുംബവും ആർ.എസ്.എസിന്റെ ചാര ഏജന്റുമാരാണോ എന്ന് തങ്ങൾക്ക് സംശയമുണ്ട്’ -അദ്ദേഹം പറഞ്ഞു.
