‘ആക്രമണത്തെ ന്യായീകരിക്കാനാവില്ല’; ഇസ്റാഈലിനെതിരെ സിറിയൻ വിമത നേതാവ്​ ജുലാനി

0
1094

ദമസ്​കസ്​: സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ വിമത സേനയായ ഹയാത് തഹ്‍രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനി. സിറിയയിൽ ഇനി വ്യോമാക്രമണം നടത്താൻ ഇസ്രായേലിന്​ ന്യായീകരണമൊന്നുമില്ലെന്ന്​ അദ്ദേഹം സിറിയൻ ടിവി ന്യൂസ്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി.

ഈയിടെ നടത്തിയ ആക്രമണങ്ങൾ എല്ലാവിധ അതിർവരമ്പുകളും ലംഘിക്കുന്നതാണ്​. ആക്രമണം ഇല്ലാതാക്കാൻ അന്താരാഷ്​ട്ര സമൂഹം ഇടപെടണമെന്നും സിറിയൻ പരമാധികാരത്തെ മാനിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടു.

സുരക്ഷയും സുസ്​ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങളാണ്​ വേണ്ടത്​. സിറിയൻ മണ്ണിലേക്കുള്ള ഇസ്രായേൽ സൈനികാധിനിവേശം അപകടകരമാണ്​. ഇസ്രായേലുമായുള്ള ദീർഘകാല സംഘർഷം രാജ്യത്തെ വീർപ്പുമുട്ടിച്ചിരിക്കെ, പുതിയ ഏറ്റുമുട്ടലിന്​ താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ശനിയാഴ്​ചയും ഇസ്രായേൽ ദമസ്​കസിലടക്കം ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾക്ക്​ നേരെയായിരുനു ആക്രമണം. പർവതത്തിന്​ അടിയിലായുള്ള റോക്കറ്റ്​ സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയതായി സിറിയൻ വാർ മോണിറ്റർ വ്യക്​തമാക്കി. നേരത്തെ സിറിയയുടെ ആയുധ ശേഷിയുടെ 80 ശതമാനവും തകർത്തതായി ഇസ്രായേൽ അറിയിച്ചിരുന്നു.

അതേസമയം, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ലെന്ന്​ ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. സിറിയൻ ഗോലാൻ കുന്നുകളിൽ നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ ഭരണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലി ജനതക്ക്​ സുരക്ഷ ഉറപ്പാക്കുകയാണ്​ ലക്ഷ്യമിടുന്നത്​. ഇവിടെ ഒരു ശത്രു രാജ്യമുണ്ടായിരുന്നു. അതി​െൻറ സൈന്യം തകർന്നിരിക്കുന്നു. തീവ്രവാദ സംഘങ്ങൾ ഇവിടേക്ക്​ വരുമെന്ന്​ ആശങ്കയുണ്ട്​. അതിനാലാണ്​ ആക്രമണം നടത്തിയതെന്നും ഹെർസി വ്യക്​തമാക്കി.