ദമസ്കസ്: സിറിയയിലെ രഹസ്യ ജയിലുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വൈറ്റ് ഹെൽമെറ്റ്സ്. സിറിയയിലും തുർക്കിയിലും അടിയന്തര സേവനങ്ങൾ നൽകുന്ന സന്നദ്ധ സംഘടനയാണിത്.
തടങ്കൽ കേന്ദ്രങ്ങളുടെയും രഹസ്യ ജയിലുകളുടെയും വിവരങ്ങൾ നൽകുന്നവർക്ക് 3000 ഡോളറാണ് സംഘടന വാഗ്ദാനം ചെയ്യുന്നത്. രഹസ്യ ജയിലുകളിൽ പ്രവർത്തിച്ചിരുന്ന മുൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും ഇവർ തേടിയിട്ടുണ്ട്.
പ്രസിഡന്റ് അസദിന്റെ ഭരണം അവസാനിച്ചതോടെ വിമത സേന രാജ്യത്തെ നിരവധി ഭൂഗർഭ രഹസ്യ ജയിലുകളാണ് കണ്ടെത്തിയത്. ഇവിടെ അനധികൃതമായി തടങ്കലിലാക്കിയിരുന്ന ആയിരങ്ങളെ മോചിപ്പിക്കുകയും ചെയ്തു. കൂടുതൽ രഹസ്യ അറകൾ ഉണ്ടോയെന്നറിയാൻ വലിയ രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രതിഫലമടക്കം പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യം വിട്ട പ്രസിഡന്റ് അസദിന്റെ ജയിലുകൾ കശാപ്പ് ശാലകളായിരുന്നുവെന്ന് വൈറ്റ് ഹെൽമെറ്റ്സ് തലവൻ റഈദ് അൽ സലാഹ് പറഞ്ഞു. യാഥാർഥ്യത്തെ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. ഈ ജയിലുകൾക്കുള്ളിൽ നരക ജീവിതമായിരുന്നു. ഇന്റലിജൻറ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജയിലുകളിൽ അതിക്രൂരമായ പീഡനങ്ങളാണ് അഴിച്ചുവിട്ടിട്ടുള്ളത്. തങ്ങൾ കണ്ടെത്തിയ പലരുടെയും അവസ്ഥ വളരെ ദയനീയമാണ്. പലരുടെയും മനോനില തെറ്റിയിട്ടുണ്ട്. എല്ലുകൾ ദുർബലമായിരിക്കുന്നു. ദിവസവും ഈ ജയിലുകളിൽ ആളുകളെ കൊല്ലാറുണ്ട്.
നിരവധി മൃതദേഹങ്ങളാണ് ഓവനിൽനിന്ന് കണ്ടെത്തിയത്. തങ്ങൾ രക്ഷപ്പെടുത്തിയതിൽ ഒരാളെ ഇന്ന് വധിക്കാൻ തീരുമാനിച്ചതായിരുന്നു. ഇങ്ങനെ നിരവധി പേരാണുള്ളത്. ദമസ്കസ് നഗരത്തിലെ സെദ്നായിലുള്ള ജയിലിൽ ദിവസവും 50 മുതൽ 100 പേരെയാണ് കൊല്ലുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചത്വരങ്ങളിലും വധശിക്ഷകൾ നടപ്പാക്കാറുണ്ട്.
