ബശ്ശാർ യുഗം തകരുമ്പോൾ; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

0
1127

ഡമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് വിമതര്‍. ബശ്ശാര്‍ യുഗം അവസാനിച്ചുവെന്ന് പ്രതികരിച്ച വിമതര്‍ സിറിയ സ്വതന്ത്രരാജ്യമായെന്നും പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതര്‍ പ്രതികരിച്ചു. ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട കുടുംബവാഴ്ചക്കാണ് സിറിയയില്‍ അന്ത്യമായിരിക്കുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത് ആഭ്യന്തര യുദ്ധത്തിനിടെ ഛിന്നഭിന്നമായിക്കഴിഞ്ഞ രാജ്യത്തിന്റെ അധികാരം കൈവിട്ടുപോകാതിരിക്കാൻ പ്രസിഡന്റ് ബഷർ അൽ അസദ് 14 വർഷമായി നടത്തിവന്ന ശ്രമങ്ങൾക്കുകൂടിയാണ്. പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000-ലാണ് നേത്രരോഗവിദഗ്ധൻ കൂടിയായ ബഷർ അൽ അസദ് സിറിയൻ പ്രസിഡണ്ടായി സ്ഥാനാരോപിതനാവുന്നത്. സിറിയയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാവുന്ന ഭരണാധികാരി എന്ന് ജനങ്ങൾ കരുതിയ അദ്ദേഹത്തിനെതിരെ പിന്നീട് വലിയ പ്രക്ഷോഭങ്ങൾതന്നെ നടന്നു.

അതേസമയം ഡമാസ്കസ് പാശ്ചാത്യ ഉപരോധത്തിൽ തുടരുകയായിരുന്നു. ഇതിനിടെ അറബ് ലീഗ് കഴിഞ്ഞ വർഷം സിറിയയുടെ അംഗത്വം പുനഃസ്ഥാപിച്ചു. 12 വർഷം മുമ്പ് ഡമാസ്കസുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം സിറിയയിലെ ആദ്യത്തെ അംബാസഡറെ നിയമിച്ചതായി സൗദി അറേബ്യ മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്.

എന്നാൽ, നവംബർ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ ഗ്രൂപ്പുകൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സിറിയയിൽ കാറ്റ് മാറി വീശാൻ തുടങ്ങിയത്. ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകർന്നു. അസദിൻ്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തിൽ വ്യാപൃതരായി. ഇക്കാരണത്താൽ സിറിയയുടെ വിഷയത്തിൽ ശക്തമായി ഇടപെടാൻ ഇവർ വിമുഖത കാണിക്കുകയും ചെയ്തു.

വിമതർ സിറിയൻ തലസ്ഥാനം പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. അസദ് എവിടെയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ബഷർ അൽ അസദ് രാജ്യംവിട്ടതോടെ അവരുടെ 54 വർഷത്തെ കുടുംബവാഴ്ച കൂടിയാണ് സിറിയയിൽ അവസാനിച്ചത്. രാജ്യം ഭരിക്കുന്നത് ഇനിയാര് എന്ന ചോദ്യവും ഇതിനൊപ്പം അവശേഷിക്കുന്നു.

തലസ്ഥാന നഗരിയായ ദമസ്‌കസ് ഉള്‍പെടെ വിമതര്‍ പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. കഴിഞ്ഞ 50 വര്‍ഷമായി സിറിയ അടിച്ചമര്‍ത്തലിലായിരുന്നു. എല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗത്തില്‍ നിന്ന് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വിമതര്‍ വ്യക്തമാക്കി.  ഇവിടെ നീതി നടപ്പാവുകയും സിറിയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിഷേധിച്ചതിന്റെ പേരില്‍ ബശ്ശാര്‍ തടവിലാക്കിയവരെ വിമതര് മോചിപ്പിക്കുന്നുണ്ട്.
അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബശ്ശാറുല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

വിമതര്‍ ദമസ്‌കസ് പിടിച്ചെടുത്തെന്ന വാര്‍ത്തക്ക് പിന്നാലെ  പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതായെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നു. അസദ് ദമസ്‌കസില്‍ ഇല്ലെന്ന് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അസദിന്റെ വക്താക്കള്‍ വാര്‍ത്ത നിഷേധിക്കുന്നു.  പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ കള്ളം പറയുകയാണ് എന്നാണ് അസദിന്റെ വക്താക്കള്‍ നല്‍കുന്ന വിശദീകരണം.

സിറിയയില്‍ വിമതര്‍ ദമസ്‌കസ് വിമാനത്താവളം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ ടെലിവിഷന്‍ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ തന്നെ വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് വളഞ്ഞിരുന്നു.  

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക