ബേക്കൽ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ ദുരൂഹമരണം കൊലപാതകം. മന്ത്രവാദിനിയും ഭർത്താവും ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിലിലായിരുന്നു ഗഫൂറിന്റെ മരണം. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 596 പവൻ സ്വർണം ഇവർ ഗഫൂറിൽനിന്നു തട്ടിയെടുത്തിരുന്നു.
ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം. മന്ത്രവാദിനെയെന്ന് അവകാശപ്പെട്ട് ഗഫൂറിനെ സമീപിച്ച കൂളിക്കുന്ന് സ്വദേശിനി കെ എച്ച്. ഷമീമ, സഹായികളായ ഉബൈസ് , പൂച്ചക്കാട്ട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
ആഭിചാരക്രിയകളുടെ ഭാഗമായി ഗഫൂറിന്റെ തല ഭിത്തിയിലിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണു നിഗമനം. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്മയിൽ എം.സി.അബ്ദുൽ ഗഫൂറിനെ 2023 ഏപ്രിൽ 14നു പുലർച്ചെയാണു വീട്ടിൽ ആരുമില്ലാത്ത സമയത്തു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്തു ബന്ധുവീട്ടിലായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് വിഷയം ഗൗരവമായെടുത്തത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവുമായി മന്ത്രവാദത്തിന് ബന്ധമുണ്ടെന്ന് തെളിഞ്ഞത് . അബ്ദുല്‍ ഗഫൂര്‍ 12 ബന്ധുക്കളില്‍ നിന്നായാണ് 596 പവന്‍ സ്വരൂപിച്ചത് .
ആദ്യം ഇത് സ്വാഭാവിക മരണമെന്ന രീതിയിലാണ് പൊലീസും കൈകാര്യം ചെയ്തത് . മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തു . എന്നാല്‍ വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടത് ബോധ്യപ്പെട്ട അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഇതേ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
