‘നോ’ പറയാൻ പഠിച്ചേ മതിയാകൂ

0
2542

✍️ മുഹമ്മദ്ഫാറൂഖ് ഫൈസി, മണ്ണാർക്കാട്
(നാഷണൽ റെക്കോർഡ് ഹോൾഡർ)

മോഹങ്ങൾ പലർക്കും പലതാണെങ്കിലും  കുട്ടിക്കാലം മുതലേ താൻ ഇടപെടുന്നിടങ്ങളിലെല്ലാം തൻ്റേതായ മേൽവിലാസം മോഹിക്കുന്നവരാണ് ഒരോരുത്തരും.
ഈ നേട്ടത്തിനായി നെട്ടോട്ടമോടുന്നവരാണ് ഭൂരിഭാഗമാളുകളും.
മറ്റുള്ളവർക്ക് വേണ്ടിയാണോ ഞാൻ  ജീവിക്കുന്നത്?
പലരുടേയും ചിന്തയിൽ ചീറിപ്പായുന്ന ചോദ്യമാണിത്.
ഭാര്യ, മക്കൾ, കൂട്ടുകാർ, കുടു:ബക്കാർ, ബോസ്, മാനേജർ, നേതാവ് തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ തുടങ്ങിയവകളുടെ
അടിമകളായി ജീവിക്കുന്നവരിലൊരാളായിരിക്കാം നമ്മളും.
പൈസയില്ലെങ്കിലും പ്രിയം കൊണ്ട് മക്കളുടെ മോഹങ്ങളേറ്റെടുത്ത് വെട്ടിലാകുന്നു .
ഭാര്യയുടെ തലയിണ മന്ത്രം കേട്ട് കുടു:ബകലഹത്തിൻ്റെ കുറ്റം പേറേണ്ടി വരുന്നു.  പാപമാണെന്നറിഞ്ഞിട്ടും സൗഹൃദത്തിൻ്റെ പേരിൽ  നെറികേട് ചെയ്ത് നാട്ടിലും വീട്ടിലും നാറേണ്ടി വരുന്നു.ധാർമ്മികമല്ലെന്ന് പൂർണ്ണബോധ്യമുണ്ടായിട്ടും ബോസിന് ദാസ്യ വേല ചെയ്ത് വഴിയാധാരമാകേണ്ടി വരുന്നു. കസ്റ്റമർക്ക് കടം കൊടുത്ത് കുടുങ്ങുന്നു. സമയമുണ്ടാകില്ലെന്ന് ഉറപ്പുണ്ടായിട്ടും സഹകരണത്തിൻ്റെ പേരിൽ സഹപ്രവത്തകൻ്റെ ജോലി കൂടി ഏറ്റെടുത്ത് അവസാനം രണ്ട് പേരുടേയും പൂർത്തീകരിക്കാനാവാതെ കരിയറിൽ തിളങ്ങാനാവാതെ കുഴയുന്നു.
പ്രമോഷൻ വാഗ്ദാനത്തിൽ ഹിതമല്ലാത്തന്തോ ചെയ്ത് മേലുദ്യോഗസ്ഥർക്ക് വേണ്ടി മാനം കളയുന്നു.
നീതിയല്ലെന്ന് നന്നായി ബോധ്യമുണ്ടായിട്ടും നേതാവിനെ ന്യായീകരിച്ച് ഒറ്റപ്പെടുന്നു.
തന്നെ കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ ഏൽപ്പിക്കപ്പെടുമ്പോൾ “പറ്റൂല ” എന്ന് പറയാൻ പറ്റാത്തത് കൊണ്ടാണ് ഇത് പോലത്തെ  പൊല്ലാപ്പുകളിലകപ്പെടുന്നത്.
” പറ്റൂല ” എന്ന വാക്ക് ബന്ധങ്ങളെ കൊലചെയ്യുന്നതാണെന്ന്  തെറ്റിദ്ധരിച്ചവരാണിവർ.
എല്ലാവരേയും എല്ലായ്പ്പോഴും തൃപ്തിപ്പെടുത്താൻ കഴിയുകയില്ലെന്ന് മനസ്സിലാക്കുക.
നിങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും എല്ലായ്പ്പോഴും നിങ്ങളെ തൃപ്തിപ്പെടുത്താറില്ലല്ലോ?
ഈ യാഥാർഥ്യം ഉൾകൊള്ളുന്നതോടെതന്നെ നോ പറയാനുള്ള പ്രയാസം പരിഹരിക്കപ്പെടും.
യാഥാർഥ്യത്തിൽ  ബന്ധങ്ങൾ സുദൃഢമാക്കാൻ പഠിക്കേണ്ട കലയാണ് “പറ്റൂല ” എന്ന് പറയൽ.
കാരണം തന്നാലാവാത്തത് ഏറ്റടുത്ത് അത് നിർവ്വഹിക്കാതിരുന്നാൽ നിലവിള്ള ബന്ധംപോലും നൂലറ്റു പോകും.
who will Cry when you die? എന്ന പ്രശസ്ത മോട്ടിവേഷൻ ഗ്രന്ഥത്തിലെ ഒരു അദ്ധ്യായത്തിൻ്റെ പേര് ഇങ്ങനെയാണ്
“സുന്ദരമായി  നോ പറയാൻ പഠിക്കുക”
കുട്ടികൾക്ക് നോ
പറയാൻ പരിശീലിപ്പിക്കണമെന്ന് മനശാസ്ത്രം കർശനമായി നിർദേശിക്കുന്നുണ്ട്.
വൈകിപ്പോയി എന്ന് വിചാരിക്കേണ്ട വികാരങ്ങളോടും വീട്ടുകാരോടും കൂട്ടുകാരോടും നോ പറയേണ്ടിടത്ത് അത് പറഞ്ഞ് ശീലിക്കാവുന്നതാണ്.
“നോ ” പറയാനുള്ള കഴിവ് പരിശീലനത്തിലൂടെ നേടിയെടുക്കാനാവൂ എന്നാണ് മനശാസ്ത്ര പക്ഷം.
നിങ്ങളുടെ “നോ ” പറച്ചിൽ നിശേധാത്മക നിലപാടോ കളവോ മാപ്പ് പറച്ചിലോ ആയി പരിണമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചാടിക്കയറി പറയുന്നതിന് പകരം കാരണങ്ങൾ വ്യക്തമാക്കി കൊടുക്കുക.
നിങ്ങളുടെ പ്രയാസം പറയുന്നതോടൊപ്പം മറ്റൊരു പരിഹാരം നിർദേശിക്കുക. തുടങ്ങിയ പൊടിക്കൈകൾ പ്രയോഗിക്കുക.
ജന്മസിദ്ധമല്ലാത്ത പലതും പഠിക്കുകയും പരിശീലിക്കുകയും ചെയ്താലെ ജീവിതത്തിൽ പുരോഗതി പ്രാപിക്കാനാവൂ.
“മികവ് ഒറ്റയൊരു പ്രവൃത്തികൊണ്ട് സംഭവിക്കുന്നതല്ല അതൊരു ശീലമാണ്”
( അരിസ്റ്റോട്ടിൽ)
സുശക്തമായ വ്യക്തിത്വം രൂപപ്പെടാൻ ” നോ” പറയേണ്ടിടത്ത് അത് പറഞ്ഞേ മതിയാകൂ.
അല്ലെങ്കിൽ മറ്റുള്ളവർ അവരുടെ അജണ്ടകൾക്കായി നമ്മുടെ സമ്പത്തും സമയവും ദുർ വിനിയോഗം ചെയ്യും.

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക