ജിദ്ദ: സഊദി അറേബ്യയിലെ കാർഷിക പശു ഫാമുകളിലെ കറവപ്പശുക്കളുടെ എണ്ണം 234,000 ആയിഉയർന്നു. ഈ പശു ഫാമുകൾ 2023 വർഷത്തിൽ മൊത്തം 2.8 ബില്യൺ ലിറ്റർ അസംസ്കൃത പാൽ ഉൽപ്പാദിപ്പിച്ചുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
അസംസ്‌കൃത പാലുൽപ്പാദനത്തിൻ്റെ കാര്യത്തിൽ റിയാദ് 1.6 ബില്യൺ ലിറ്ററുമായി ഒന്നാം സ്ഥാനത്താണ്. 1 ബില്യൺ ലിറ്ററുമായി കിഴക്കൻ പ്രവിശ്യ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്.
രാജ്യത്തുടനീളം 22 ദശലക്ഷം ആടുകൾ ഉണ്ട്. അതിൽ 19.3 ശതമാനം ആട്ടുകൊറ്റന്മാരും, 80.7 ശതമാനം പെണ്ണാടുകളുമാണ്. അതിൽ 32 ശതമാനം നാല് വയസ്സിന് താഴെയുള്ളവരും 68 ശതമാനം നാല് വയസും അതിൽ കൂടുതലുമുള്ളവയുമാണ്.
1.1 ദശലക്ഷത്തിലധികം ടൺ ബ്രോയിലർ ചിക്കൻ രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 282,000 ടണ്ണുമായി റിയാദ് ഒന്നാം സ്ഥാനത്തും 185,000 ടണ്ണുമായി മക്ക രണ്ടാം സ്ഥാനത്തുമാണ്.
ടേബിൾ മുട്ടകളുടെ ഉത്പാദനം 7.9 ബില്യണിലെത്തി. 3 ബില്യൺ മുട്ടകളുമായി റിയാദ് മുന്നിലാണ്. 1.4 ബില്യൺ മുട്ടകളുമായി മക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
