‘വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽനിന്നു മാറിനിൽക്കണം’; മന്ത്രി റിയാസ്

0
1583

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമർശനം മതത്തിനെതിരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്.

രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ അസഹിഷ്ണുത. വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ കഴിയാത്തവർ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നു മാറിനിൽക്കണമെന്നും റിയാസ് പറഞ്ഞു.

ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന കാലത്തോളം വിമർശിക്കപ്പെടുന്നതു സ്വാഭാവികമാണ്. അതിനെ അസഹിഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുന്നത് രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതൊരു മതത്തിനെതിരാണെന്നു വരുത്തിത്തീർക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അപമാനമാണെന്ന് മന്ത്രി റിയാസ് വിമർശിച്ചു.

”സ്വന്തം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനെ വിമർശിച്ചാൽ അദ്ദേഹത്തിനു നിലവിളിയില്ല. എന്നാൽ, മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനെ വിമർശിച്ചത് വലിയ കുഴപ്പമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ പറ്റാത്തവർ രാഷ്ട്രീയരംഗത്ത് നിൽക്കാൻ പാടില്ല.

രാഷ്ട്രീയ പാർട്ടികളുടെ പ്രധാനപ്പെട്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നു മാറണം. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വിമർശനം നടത്തുകയും, തിരിച്ചു വിമർശനം വരുമ്പോൾ അതു ഏതെങ്കിലുമൊരു സമുദായത്തിനെതിരാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം ഒരു തരത്തിലും നാടിനു ഭൂഷണമല്ല. അംഗീകരിക്കാനുമാകില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കുന്നയാൾ അത്തരമൊരു വിമർശനമുന്നയിച്ചതു ലജ്ജാകരമാണ്.’