പാണക്കാട് കുടുംബവും ഹക്കീം ഫൈസിയും തമ്മിലുള്ളത് സുദൃഢബന്ധം, അത് തകർക്കാനാവില്ല; റഷീദലി ശിഹാബ്​ തങ്ങൾ

0
883

കോഴിക്കോട്​: പാണക്കാട് കുടുംബവും സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയും തമ്മിലുള്ളത് സുദൃഢബന്ധമാണെന്നും വ്യാജ പ്രചാരണങ്ങൾ കൊണ്ട് അത് തകർക്കാനാവില്ലെന്നും​ പാണക്കാട്​ റഷീദലി ശിഹാബ്​ തങ്ങൾ. സിഐസി ആസ്ഥാനത്ത് നടന്ന പ്രിൻസിപ്പാൾസ്​​ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നീതിയും സത്യവും പുലർത്തി മുന്നോട്ടുപോകാൻ കഴിയണം. ആരോടും കളവ്​ പറയേണ്ട ആവശ്യമില്ല. ആരുടെ മുന്നിലായാലും സത്യം മാത്രമേ പറയാവൂ. ഹക്കീം ഫൈസി ചെയ്​ത തെറ്റ്​ എന്താണെന്ന്​ ആർക്കും ഇതുവരെ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. ​

ഹക്കീം ഫൈസിയുമായി അഭേദ്യമായ ബന്ധമാണ്​ പാണക്കാട്​ കുടുംബത്തിനുള്ളത്​. ആ ബന്ധത്തി​െൻറ അടിസ്​ഥാനത്തിൽ​ അദ്ദേഹവുമായി യോജിച്ച്​ ചേർന്ന്​ പ്രവർത്തിക്കുകയും വിദ്യാഭ്യാസ സംവിധാനം​ തന്നെ​ നടപ്പിലാക്കുകയും ചെയുന്നു​. ആ വിദ്യാഭ്യാസ സംവിധാനം എക്കാലത്തും നിലനിൽക്കണം. അത്​ ഒരിക്കലും നശിച്ചുപോകാൻ പാടില്ല’ -റഷീദലി തങ്ങൾ പറഞ്ഞു.

എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ ഹക്കീം ഫൈസിയുടെ പാണക്കാട് സ്‌നേഹം കാപട്യമാണെന്ന് സമസ്ത നേതാക്കൾ പറഞ്ഞിരുന്നു. പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മരിക്കാൻ വേണ്ടി പ്രാർഥിക്കാൻ തന്റെ വിദ്യാർഥികളോട് പറഞ്ഞ ആളാണ് ഹക്കീം ഫൈസിയെന്ന് സമസ്ത മുശാവറാംഗമായ അബ്ദുസ്സലാം ബാഖവി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹക്കീം ഫൈസിക്ക് പൂർണ പിന്തുണയുമായി റഷീദലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.