റിയാദ്: വീര ചരിത്ര കഥകൾ പാടിപ്പറയുന്ന ഖിസ്സപ്പാട്ട് കഥാ പ്രസംഗ പരിപാടിയോട് പ്രവാസികൾക്ക് വലിയ താൽപര്യം ഉണ്ടെന്നും ഈ മാപ്പിള കലാ രൂപത്തിന് പ്രവാസികളിൽ നിന്നും ലഭിക്കുന്ന പ്രോൽസാഹനം വളരെ വലുതാണെന്നും പ്രശസ്ത ഖിസ്സപ്പാട്ട് കാഥികൻ മാവണ്ടിയൂർ അഹ്മദ് കുട്ടി മൗലവി പറഞ്ഞു. നാട്ടിൽ പഴയ തലമുറക്ക് ഖിസ്സപ്പാട്ടിനോട് ഉണ്ടായിരുന്ന താൽപര്യം പുതു തലമുറക്ക് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഊദിയിൽ സന്ദർശനം നടത്തുന്ന അഹ്മദ് കുട്ടി മൗലവി ഇപ്പൊൾ തലസ്ഥാന നഗരിയായ റിയാദിൽ ഉണ്ട്.
നാലര പതിറ്റാണ്ടായി ഖിസ്സപ്പാട്ട് രംഗത്ത് സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞത് അല്ലാഹുവിൻ്റെ വലിയ അനുഗ്രഹം ആണെന്ന് മൗലവി പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലും യൂ എ ഇ, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഖിസ്സപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
ദീർഘ കാലം കേരള ഖിസ്സപ്പാട്ട് സംഘം പ്രസിഡൻറ് ആയിരുന്ന ഇദ്ദേഹം ഇപ്പൊൾ ഉപദേശക സമിതി അംഗമാണ്. രണ്ട് തവണ കേരള സർകാറിൻ്റെ ആദരവ് ലഭിച്ചിട്ടുണ്ട്. മോയിൻ കുട്ടി വൈദ്യർ സ്മാരകവും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഖിസ്സപ്പാട്ടുകൾ അവതരിപ്പിക്കുകയും അവയെപ്പറ്റി ഗവേഷണ പഠനം നടത്തുകയും ചെയ്യുന്ന അഹ്മദ് കുട്ടി മൗലവി മലപ്പുറം ജില്ലയിലെ എടയൂർ നോർത്ത് മാവണ്ടിയൂർ സ്വദേശിയാണ്.
എന്നാൽ കാലഘട്ടം മാറിയപ്പോൾ ജനങ്ങളുടെ ആസ്വാദന രീതിയിലും വലിയ മാറ്റം വന്നതിനാൽ നാട്ടിൽ ഇപ്പോൾ പഴയ പോലെ ഖിസ്സപ്പാട്ടിന് വേദി ലഭിക്കുന്നില്ല. എന്നാൽ, പ്രവാസ ലോകത്ത് നിരവധി പേർ ഖിസ്സപ്പാട്ടിനെ സ്നേഹിക്കുന്നതിലും പ്രോത്സാഹിപ്പി
ക്കുന്നതിലും ഏറെ സന്തോഷം ഉണ്ടെന്ന് മൗലവി പറഞ്ഞു. കഴിഞ്ഞ ദിവസം റിയാദ് – മലപ്പുറം ജില്ല കെ എം സി സിയുടെ ക്യാംപയിൻ ഉദ്ഘാടന പരിപാടിയിൽ നിറഞ്ഞ സദസ്സിന് മുന്നിൽ മലപ്പുറം ഖിസ്സ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഊദിയുടെ വിവിധ പ്രവിശ്യകളിലെ കെ എം സി സി, എസ് ഐ സി പോലുള്ള സംഘടനകൾ ഇനിയും തനിക്ക് അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് മൗലവി. പരിപാടികൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടന പ്രവർത്തകർക്ക് അദ്ദേഹത്തിൻ്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 0508271096