റിയാദ്: റിയാദിലെത്തിയ അബ്ദുറഹീമിൻ്റെ ബന്ധുക്കൾക്ക് മുന്നിൽ കേസിന്റെ നാൾവഴികൾ വിശദീകരിച്ച് റിയാദ് റഹീം നിയമസഹായ സമിതി. വധശിക്ഷ ഒഴിവായി ജയിലിൽ നിന്ന് അബ്ദുറഹീം പുറത്തുവരുമ്പോൾ അതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികൾ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സമിതി നിലപാട് വ്യക്തമാക്കി.
തൻ്റെ മകനെ രക്ഷിക്കാൻ ഒപ്പം നിന്നവർക്ക് ദൈവം പ്രതിഫലം നൽകട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിൻ്റെ മാതാവ് ഫാത്തിമയും പറഞ്ഞു.
ഇന്നലെ റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് റിയാദ് സഹായ സമിതിയും റഹീമിൻ്റെ ബന്ധുക്കളും കണ്ടുമുട്ടിയത്. 15 ദിവസമായി സൗദിയിലുള്ള അവർ ഇന്നലെയെയാണ് സഹായസമിതിയെ കാണാൻ എത്തിയത്. റിയാദിലെ എല്ലാ സംഘടനകളിൽ പെട്ടവരും അംഗങ്ങളായ സഹായസമിതിയുടെ യോഗത്തിൽ നിരവധി പേർ സംബന്ധിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. റഹീം മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് റിയാദ് നിയമസഹായ സമിതി.
എല്ലാ പരിമിതികൾക്കിടയിലും റഹീമിന് വേണ്ടി എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. എന്നാൽ കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് പോലും പലപ്പോഴും അനാവശ്യവിമർശനങ്ങളുണ്ടായി.
കേസ് അന്തിമഘട്ടത്തിലെത്തിയപ്പോൾ ചിലർ എട്ടുകാലി മമ്മൂഞ്ഞികളായി രംഗത്തുവന്നിരിക്കുകയാണ്. ഈ കേസ് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. 18 വർഷമായി റിയാദിൻ്റെ നന്മ മനസ്സുകൾ ഏറ്റുപിടിച്ചതാണ്. അതിൻ്റെ ഫലമാണ് വധശിക്ഷയിൽ നിന്ന് മോചനത്തിന് വഴിയൊരുങ്ങിയത്. വൈകാതെ ജയിൽ മോചനവും ഉണ്ടാവും. ഫെയ്‌സ്ബുക്കിലും മറ്റും ഇരുന്ന് ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നവർക്ക് യാഥാർഥ്യങ്ങളറിയില്ല. റഹീമിൻ്റെ കുടുംബം കാര്യങ്ങൾ മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു.
