റോം: ആകാശത്തുവെച്ച് എഞ്ചിനിൽ തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ റോമിലുള്ള ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഹൈനാൻ എയർലൈൻസിന്റെ വിമാനത്തിനാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം തീപ്പിടിച്ചത്.
249 യാത്രക്കാരും 16 ജീവനക്കാരുമായി ചൈനയിലെ ഷെൻഷനിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ പക്ഷി ഇടിച്ചതോടെ എഞ്ചിൻ തകരാറിലാവുകയായിരുന്നു. തുടർന്ന്, ഞായറാഴ്ച പ്രാദേശിക സമയം 11.06-ന് വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.
ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന്റെ വലത്തേ ഭാഗത്ത് തീപ്പിടിച്ചതിന്റെ ദൃശ്യങ്ങളടക്കം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വിശദീകരിച്ച് വിമാന കമ്പനി അധികൃതർ പിന്നീട് എക്സിൽ പ്രസ്താവനയും ഇറക്കി. വലത് എഞ്ചിൻ ഭാഗത്ത് പക്ഷി ഇടിച്ചെന്നും സുരക്ഷ ഉറപ്പാക്കാനായി വിമാനം ഉടൻ തിരിച്ചിറക്കിയെന്നും കമ്പനി വ്യക്തമാക്കി.
