തിരുച്ചി: വ്യാഴാഴ്ച ഷാർജയിൽ നിന്ന് തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 32 കാരനായ യാത്രക്കാരനെ എംപോക്സ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മഹാത്മാഗാന്ധി മെമ്മോറിയിൽ സർക്കാർ ആശുപത്രിയിലെ പ്രത്യേക വാർഡിൽ ഐസൊലേറ്റ് ചെയ്തു. രോഗനിർണയം ഉറപ്പാക്കാൻ കൂടുതൽ വിശകലനത്തിനായി രക്തസാമ്പിൾ അയച്ചതായി ആശുപത്രിയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
“ഞങ്ങൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. അതുവരെ, രോഗിയെ തിരുച്ചി ജി.എച്ച്. യിൽ നിരീക്ഷണത്തിലാക്കും.” ഉദ്യോഗസ്ഥൻ ദി ഹിന്ദുവിനോട് പറഞ്ഞു. ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി രാവിലെ 10. 45ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ( ഫ്ലൈറ്റ് നമ്പർ IX614) സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. പരിശോധനയിൽ രോഗ ലക്ഷണം കാണിക്കുകയായിരുന്നു.
സാംക്രമിക രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മുൻകരുതലായി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ തമിഴ്‌നാട് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സെപ്തംബർ മുതൽ മാസ് പനി സ്‌ക്രീനിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ നാല് പ്രധാന സർക്കാർ ആശുപത്രികളിൽ 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകളും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്.
ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എം പോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരാം. പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ്, എന്നിവയാണ് ലക്ഷണങ്ങൾ, പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.
