8 മൊബൈൽ, 20 സിമ്മുകൾ, 6 വ്യാജപ്പേരുകള്‍; കൊലക്കേസ് പ്രതിയെ 1600 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി

0
1798

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ പ്രമുഖ ഡോക്ടറെ കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹി ക്രൈം ബ്രാഞ്ച്. വിഷ്ണുസ്വരൂപ് ഷാഹി എന്നയാളാണ് പിടിയിലായത്. ഒളിവില്‍ കഴിയവേ ഇയാള്‍ ചുരുങ്ങിയത് എട്ട് മൊബൈല്‍ ഫോണുകളും 20 സിമ്മുകളും മാറ്റി ഉപയോഗിച്ചുവെന്ന് പോലീസ് പറഞ്ഞു.

ആറുവട്ടമാണ് ഇയാള്‍ പേര് മാറ്റിയതെന്നും വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ 1,600 കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തേക്ക് എത്തേണ്ടി വന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇക്കൊല്ലം മേയിലാണ് സൗത്ത് ഡല്‍ഹിയിലെ ജങ്പുരയിലെ പ്രമുഖനായ ഡോക്ടര്‍ യോഗേഷ് ചന്ദ്ര പോള്‍ (63) കൊല്ലപ്പെടുകയും വീട് കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത്. ജാങ്പുരയില്‍ ഭാര്യക്കൊപ്പമായിരുന്നു യോഗേഷ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന് മുന്‍പേ വീട് കൊള്ളയടിക്കപ്പെട്ടിരുന്നു. പോലീസ് വീടിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നിലധികം പേര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്കാരി ബസന്തി, ആകാശ്, ഹിമാന്‍ഷു ജോഷി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രമായ വിഷ്ണുസ്വരൂപും മറ്റ് നാല് കൂട്ടാളികളും ഒളിവില്‍ പോയി. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തി. വിഷ്ണുസ്വരൂപ് മുന്‍പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തി. ശേഷം കോള്‍ ഡീറ്റെയ്ല്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ വിഷ്ണുസ്വരൂപ് പുതിയ നമ്പറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഹിമാചല്‍ പ്രദേശിലെ സുകേത് വാലിയില്‍ വിഷ്ണുസ്വരൂപ് ഒളിവില്‍ കഴിയുന്നതായി പോലീസിന് മനസ്സിലായി. അവിടെനിന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. പോലീസ് ഇയാളുടെ ഹിമാചലിലെ ഒളിയിടത്തിലേക്ക് എത്തുംമുന്‍പേ വിഷ്ണുസ്വരൂപ് ഡെറാഡൂണിലേക്ക് കടന്നു. അവിടെനിന്ന് ബസില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. വിഷ്ണുസ്വരൂപിന് പിന്നാലെ എത്തിയ അന്വേഷണ സംഘം ശനിയാഴ്ച രാവിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുവെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡോക്ടറുടെ വീട്ടില്‍ ധാരാളം സ്വര്‍ണവും പണവുമുണ്ടെന്ന് വീട്ടുജോലിക്കാരിയായ ബസന്തിയാണ് വിഷ്ണുസ്വരൂപിനോടു പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലയ്ക്കും കൊള്ളയ്ക്കും ഇയാള്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.